---
title: "'പ്രണയത്തിൽ മാന്യത വേണം; സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്, രാഹുൽ രാജി വെക്കണം' -ബിനോയ് വിശ്വം"
english_title: "cpi state secretary binoy viswam response on rahul mankoottathil case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329036/cpi-state-secretary-binoy-viswam-response-on-rahul-mankoottathil-case"
published_at: "2025-12-02T17:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ed7a0d6944_WhatsApp_Image_2025-12-02_at_5.39.16_PM.jpeg"
keywords: []
---

# 'പ്രണയത്തിൽ മാന്യത വേണം; സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്, രാഹുൽ രാജി വെക്കണം' -ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യബന്ധങ്ങൾക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യബന്ധങ്ങൾക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

പ്രണയത്തിൽ മാന്യത വേണം. സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്. തെറ്റ് നിരന്തരം ആവർത്തിക്കുന്ന നേതാവ് അതൊരു നേട്ടമായി കൊണ്ടാടുന്നുവെന്നും ബിനോയ് വിശ്വം വിമർശിച്ചു. ചെറുപ്പക്കാരായ കോൺഗ്രസുകാർ അദ്ദേഹത്തെ വാഴ്ത്തുന്നു. കോൺ​ഗ്രസ് ചെന്ന് പതിച്ചിരിക്കുന്ന അപചയത്തിന്റെയും ധാർമിക തകർച്ചയുടെയും പ്രതീകമാണ് ആ നേതാക്കന്മാർ.

അത്ഭുതമില്ലെന്നും കോൺ​ഗ്രസ് ഒരുപാട് മാറിപ്പോയി എന്നും പറഞ്ഞ ബിനോയ് വിശ്വം ഗാന്ധിയെയും നെഹ്‌റുവിനെയും മറന്നുവെന്നും കൂ‌‌ട്ടിച്ചേർത്തു. രാഹുൽ രാജി വെക്കണം, അത് അപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞുവെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എംഎല്‍എ കെ.കെ. രമ. രാഹുൽ രാജിവയ്ക്കണം. ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരരുതെന്നും കെ.കെ. രമ പറഞ്ഞു. കേരള പൊലീസ് എന്തുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്നും കേരള പൊലീസ് നാടകം കളിക്കുന്നത് എന്തിനാണെന്നും കെ.കെ. രമ എംഎൽഎ പറഞ്ഞു.

സൈബർ അറ്റാക്കിനെ പേടിച്ച് ആരും പരാതി നൽകാതിരിക്കരുത്. പെൺകുട്ടികൾ ധൈര്യപൂർവം പരാതി നൽകണം. പരാതി ഉയർന്നിട്ടും രാഹുൽ പാലക്കാട്‌ സജീവമായി ഇറങ്ങിയത് ശരിയായില്ലെന്നും കെ.കെ. രമ എംഎൽഎ. രാഹുൽ ഹോട്ടൽ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു പെൺകുട്ടി കൂടി രം​ഗത്തെത്തിയതിന് പിന്നാലെയാണ് രമയുടെ പ്രതികരണം.

പുതിയ പരാതി ലഭിച്ചെന്ന വാര്‍ത്ത കെപിസിസി നേതൃത്വം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് കെപിസിസിക്ക് പരാതി ലഭിച്ചതെന്നാണ് വിവരം. ഇതോടെ രാഹുലിനെതിരെ കൂടുതല്‍ നട പടികളിലേക്ക് കടക്കാനാണ് കെപിസിസി ആലോചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329036/cpi-state-secretary-binoy-viswam-response-on-rahul-mankoottathil-case)