---
title: "എല്ലാ തലവേദനയും നിസാരമായി കാണേണ്ട! ബ്രെയിൻ കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാം"
english_title: "Headache, brain cancer,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329021/headache-brain-cancer"
published_at: "2025-12-02T16:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ec21f5c61e_HEAD.jpg"
keywords: []
---

# എല്ലാ തലവേദനയും നിസാരമായി കാണേണ്ട! ബ്രെയിൻ കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാം

> **Lead Summary:** **[truevisionnews.com]** ചെറിയ തലവേദന പോലും ഗുരുതരരോഗത്തിന്റെ ലക്ഷണമാണോ എന്നു ഭയപ്പെടുന്നവരുണ്ട്. എന്നാൽ ബ്രെയിന്‍ കാന്‍സറിന്റെ ലക്ഷണങ്ങൾ സാധാരണയായി വളരെ പതുക്കെയായാണ് വികസിക്കുന്നത്.

## Article Content

**[truevisionnews.com]** ചെറിയ തലവേദന പോലും ഗുരുതരരോഗത്തിന്റെ ലക്ഷണമാണോ എന്നു ഭയപ്പെടുന്നവരുണ്ട്. എന്നാൽ ബ്രെയിന്‍ കാന്‍സറിന്റെ ലക്ഷണങ്ങൾ സാധാരണയായി വളരെ പതുക്കെയായാണ് വികസിക്കുന്നത്.

തുടക്ക ഘട്ടങ്ങളിൽ നിരവധി സൂചനകൾ ശരാശരി ആരോഗ്യപ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.

തലവേദന കൊണ്ട് മാത്രം ബ്രെയിന്‍ ട്യൂമർ സ്ഥിരീകരിക്കാനാകില്ല; പക്ഷേ തലവേദനയ്‌ക്കൊപ്പം ചില പ്രത്യേക മുന്നറിയിപ്പ് ലക്ഷണങ്ങൾ കൂടി കാണുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

**ഓക്കാനം – ഛർദ്ദി ഉൾപ്പെടെയുള്ള പ്രാരംഭ അസ്വസ്ഥതകൾ**

തലയോട്ടിക്കുള്ളിൽ ഉയരുന്ന സമ്മർദ്ദമാണ് ട്യൂമറിന്റെ പ്രധാന പ്രശ്നം. ഇതോടെ തലവേദന, ഛർദ്ദി, ഓക്കാനം, ക്ഷീണം, കാഴ്ചമങ്ങൽ, ഇരട്ട കാഴ്ച തുടങ്ങിയ ലക്ഷണങ്ങൾ രൂപപ്പെടാം.

തലച്ചോറിന്റെ വിവിധ ഭാഗങ്ങളിൽ സമ്മർദ്ദം ഉണ്ടാവുമ്പോഴാണ് ഈ മാറ്റങ്ങൾ വ്യക്തമായി കാണപ്പെടുന്നത്. സാധാരണ ആരോഗ്യ പ്രശ്‌നങ്ങളുമായി സാമ്യമുള്ളതിനാൽ, ഡോക്ടറുടെ പരിശോധനയില്ലാതെ നിഗമനത്തിലേക്ക് പോകരുതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

**ഓർമശക്തിയിലെ കുറവ്**

മസ്തിഷ്ക കാൻസറിന്റെ തുടക്ക സൂചനകളിൽ ഓർമക്കുറവ്, ഏകാഗ്രത കുറയുക, ഒട്ടും കാരണമില്ലാതെ ദേഷ്യം വരുക, മാനസികാവസ്ഥയിൽ മാറ്റം വരുക എന്നിവയും ഉൾപ്പെടുന്നു.

തലച്ചോറിന്റെ ചിന്തയെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ ട്യൂമർ സമ്മർദ്ദമുണ്ടാക്കിയാൽ വാക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ട് പോലുള്ള ലക്ഷണങ്ങളും കാണാം.

**അപസ്മാരം – പേശികളുടെ ബലക്കുറവ്**

അപസ്മാര ചരിത്രമില്ലാത്ത ഒരാളിൽ പെട്ടെന്നുണ്ടാകുന്ന അപസ്മാര ലക്ഷണം പ്രത്യേകമായി ഗൗരവമേറിയ മുന്നറിയിപ്പ് അടയാളമാണ്.

കൂടാതെ പേശികളിൽ മരവിപ്പ്, ബലഹീനത എന്നിവയും ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ടിരിക്കാം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം ആവശ്യമാണ്.

**കാഴ്ചയിൽ അപ്രതീക്ഷിത മാറ്റങ്ങൾ**

കാഴ്ച കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങൾ ട്യൂമർ ബാധിക്കുമ്പോൾ കാഴ്ചമങ്ങൽ, ഇരട്ടകാഴ്ച, കണ്ണിൽ മിന്നുന്നതുപോലെ തോന്നൽ മുതലായ പ്രശ്‌നങ്ങൾ ഉണ്ടാകും.

വ്യക്തമായ കാരണമില്ലാതെ ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടാൽ പരിശോധന നിർബന്ധമാണ്.

**ക്ഷീണം – ശരീരസമത്വം നഷ്ടപ്പെടൽ**

കാൻസർ ബാധിതരിൽ കാണുന്ന ക്ഷീണം സാധാരണ ക്ഷീണത്തേക്കാൾ അധികമാണ്. വിശ്രമിച്ചാലും കുറയാത്ത ഈ തളർച്ചയിൽ കൂടെ ശരീര ബാലൻസ് നഷ്ടപ്പെടൽ വരെ അനുഭവപ്പെടാം.

ഇത് പലപ്പോഴും തലവേദനയ്ക്ക് മുൻപോ അതിനോടൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്. വിദഗ്ധരുടെ മുന്നറിയിപ്പ്: ഈ എല്ലാ ലക്ഷണങ്ങളും മറ്റുപല രോഗങ്ങളിലും കണ്ടുവരാം.

എന്നാൽ ഇത് തുടർച്ചയായി അനുഭവപ്പെടുകയോ കൂട്ടത്തോടെ ഉണ്ടായാൽ അതിനെ അവഗണിക്കാതെ വിദഗ്ധ പരിശോധന ചെയ്യുന്നതാണ് സുരക്ഷിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329021/headache-brain-cancer)