---
title: "പാനിപൂരി കഴിക്കാൻ വായ തുറന്ന ശേഷം അടയ്ക്കാനാവുന്നില്ല; താടിയെല്ല് ലോക്കായി യുവതി ​​ഗുരുതരാവസ്ഥയിൽ"
english_title: " up womans jaw dislocates while eating golgappas condition critical"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328874/up-womans-jaw-dislocates-while-eating-golgappas-condition-critical"
published_at: "2025-12-01T17:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d899743379_pani_pooori.jpg"
keywords: []
---

# പാനിപൂരി കഴിക്കാൻ വായ തുറന്ന ശേഷം അടയ്ക്കാനാവുന്നില്ല; താടിയെല്ല് ലോക്കായി യുവതി ​​ഗുരുതരാവസ്ഥയിൽ

> **Lead Summary:** പാനിപൂരി കഴിക്കാൻ വായ തുറന്ന യുവതി അടയ്ക്കാനാകാതെ ചികിത്സയിൽ. യുപി ഔരയ്യ ​ഗൗരി കിഷൻപൂർ സ്വദേശിനിയായ ഇൻകല ദേവിആണ് താടിയെല്ല് സ്ഥാനചലനം സംഭവിച്ച് വായ അടയ്ക്കാനാവാതെ ദുരത്തിലായി ചികിത്സയിൽ കഴിയുന്നത്. താടിയെല്ലുകൾ ലോക്കാവുകയോ സ്തംഭിക്കുകയോ ചെയ്യുന്ന ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണിത്.

## Article Content

പാനിപൂരി കഴിക്കാൻ വായ തുറന്ന യുവതി അടയ്ക്കാനാകാതെ ചികിത്സയിൽ. യുപി ഔരയ്യ ​ഗൗരി കിഷൻപൂർ സ്വദേശിനിയായ ഇൻകല ദേവിആണ് താടിയെല്ല് സ്ഥാനചലനം സംഭവിച്ച് വായ അടയ്ക്കാനാവാതെ ദുരത്തിലായി ചികിത്സയിൽ കഴിയുന്നത്. താടിയെല്ലുകൾ ലോക്കാവുകയോ സ്തംഭിക്കുകയോ ചെയ്യുന്ന ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണിത്.

പാനിപൂരി കഴിക്കാൻ വായ തുറന്നപ്പോൾ പെട്ടെന്ന് താടിയെല്ല് സ്ഥാനഭ്രംശം സംഭവിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കൾ പറഞ്ഞു. ബന്ധുവായ യുവതിയുടെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇൻകല ദേവിയും കുടുംബാ​ഗങ്ങളും. ഇതിനിടെ, പാനിപൂരി കഴിക്കാൻ ഇറങ്ങിയപ്പോഴാണ് ഇത്തരമൊരു പ്രശ്നമുണ്ടാകുന്നത്.

'ദീദി പാനിപൂരി കഴിക്കാൻ വായ തുറന്നതായിരുന്നു. പക്ഷേ വായ അതേയവസ്ഥയിൽ തന്നെ ഇരിക്കുന്നതാണ് പിന്നെ കണ്ടത്. കുഴപ്പമില്ലായിരിക്കുമെന്നാണ് ഞങ്ങളാദ്യം കരുതിയത്. പക്ഷേ, വായ അടയാതിരുന്നപ്പോൾ ഞങ്ങൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി'- ബന്ധുവായ സാവിത്രി പറഞ്ഞു.

ജില്ലാ ജോയിന്റ് ആശുപത്രിയിലെ ഡോക്ടർമാരായ മനോജ് കുമാറും ശത്രുഘ്നൻ സിങ്ങും താടിയെല്ല് ശരിയാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇൻകല ദേവിയെ വിദഗ്ധ ചികിത്സയ്ക്കായി ചിച്ചോളി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. യുവതിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അമിതമായി വായ തുറന്നതിനാൽ യുവതിയുടെ താടിയെല്ല് സ്ഥാനഭ്രംശം സംഭവിച്ചതാണെന്ന് ഡോക്ടർ ശത്രുഘ്നൻ സിങ് പറഞ്ഞു, ഭക്ഷണം കഴിക്കുമ്പോൾ അപ്രതീക്ഷിതമായി സംഭവിക്കാവുന്ന ഒരു അവസ്ഥയാണിത്. താടിയെല്ലിൽ വേദന അനുഭവപ്പെടുകയോ വായ പൂർണമായും തുറക്കാനാവാതെ വരികയോ ചെയ്താൽ, ഒരിക്കലും ബലം പ്രയോഗിച്ച് തുറക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും കഴിക്കുമ്പോൾ ശാന്തമായി കഴിക്കണം. താടിയെല്ലുകൾക്ക് പ്രശ്‌നമുള്ളവർ ഒരു ദന്ത ശസ്ത്രക്രിയാ വിദഗ്ദ്ധനെയോ സ്പെഷ്യലിസ്റ്റിനെയോ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328874/up-womans-jaw-dislocates-while-eating-golgappas-condition-critical)