---
title: "പരക്കെ മഴ.....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ്"
english_title: "Updated rain warning, yellow alert in three districts, Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328681/updated-rain-warning-yellow-alert-in-three-districts-kerala"
published_at: "2025-11-30T16:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c21ae93d23_rainnn.jpg"
keywords: []
---

# പരക്കെ മഴ.....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം:** കേരളത്തിൽ ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അറിയിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന കണക്കാക്കപ്പെടുന്നത്.

## Article Content

**തിരുവനന്തപുരം:** കേരളത്തിൽ ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അറിയിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന കണക്കാക്കപ്പെടുന്നത്.

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാട്ടിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽറ്റ ജില്ലകളിൽ കനത്ത മഴ കാരണം വ്യാപക കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ മഴ തുടരും.

തഞ്ചാവൂരിലും തൂത്തുക്കുടിയിലുമായി വീടിന്‍റെ ചുവരിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. തഞ്ചാവൂരിൽ അച്ഛനമ്മമാർക്കും സഹോദരിക്കും ഒപ്പം കിടന്നുറങ്ങുകയായിരുന്ന രേണുക ദേവി എന്ന ഇരുപതുകാരി മരിച്ചു.

മയിലാടുതുറയിൽ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി പ്രതാപ് എന്ന യുവാവും മരണപ്പെട്ടു. 150 ലേറെ കന്നുകാലികൾ ചത്തതായും 234 വീടുകൾ തകർന്നതായും തമിഴ്നാട് റവന്യൂമന്ത്രി പറഞ്ഞു.

നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറിയിട്ടുണ്ട്. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ ബീച്ചുകളിൽ നിന്ന് ആളുകളെ മാറ്റി. ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ അടക്കം ചെന്നൈയിൽ നിന്നുള്ള 50 ലധികം സർവ്വീസുകൾ റദ്ദാക്കിയിരുന്നു.

ശ്രീലങ്ക വിട്ട്, ഇന്ത്യൻ തീരത്തോട് അടുക്കുമ്പോഴേക്കും ദുർബലമായ ഡിറ്റ് വാ വൈകീട്ടോടെ അതിതീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. വടക്കൻ തമിഴ്നാട് തീരത്ത് നിന്ന് 25 മുതൽ 50 കിലോമീറ്റർ അകലെയായി ബംഗാൾ ഉൾക്കടലിലൂടെ ആന്ധ്ര തീരത്തേക്ക് ഡിറ്റ് വാ നീങ്ങുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328681/updated-rain-warning-yellow-alert-in-three-districts-kerala)