---
title: "ഇടുക്കിയിലെ സ്‌കൈ ഡൈനിങ്; ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ല,  പ്രവർത്തനം നിയമ വിരുദ്ധമായി"
english_title: "Sky Dining in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328664/sky-dining-in-idukki"
published_at: "2025-11-30T14:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c058d4efe1_idukki.jpg"
keywords: []
---

# ഇടുക്കിയിലെ സ്‌കൈ ഡൈനിങ്; ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ല,  പ്രവർത്തനം നിയമ വിരുദ്ധമായി

> **Lead Summary:** **ഇടുക്കി: ** ആനച്ചാലിൽ വിനോദസഞ്ചാരികൾ സ്‌കൈ ഡൈനിങിൽ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരള വിനോദസഞ്ചാര വകുപ്പ് അംഗീകരിച്ച വിനോദ ഉപാധികളിൽ സ്‌കൈ ഡൈനിങ്ങില്ലെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

**ഇടുക്കി: ** ആനച്ചാലിൽ വിനോദസഞ്ചാരികൾ സ്‌കൈ ഡൈനിങിൽ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരള വിനോദസഞ്ചാര വകുപ്പ് അംഗീകരിച്ച വിനോദ ഉപാധികളിൽ സ്‌കൈ ഡൈനിങ്ങില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്ത് സ്‌കൈ ഡൈനിങ് പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായെന്ന് വ്യക്തമായി. കേരള ടൂറിസം ഡിപ്പാർട്ട്‌മെൻറ് അംഗീകരിച്ചിരിക്കുന്നത് 33 വിനോദ ഉപാധികൾ മാത്രമാണ്. അതിൽ സ്‌കൈ ഡൈനിങ് ഉൾപ്പെടുന്നില്ല. ആനച്ചാലിൽ സ്‌കൈ ഡൈനിങ് തുടങ്ങുന്നതിന് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല.

അപേക്ഷ സമർപ്പിച്ച് മാർഗ നിർദ്ദേശങ്ങൾ രൂപീകരിക്കണമെന്നതാണ് രീതി. ഇത് സംബന്ധിച്ച് ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മാർഗനിർദേശങ്ങൾ രൂപീകരിച്ച ശേഷമേ ഇനി ആനച്ചാലിലെ സ്‌കൈ ഡൈനിങ് തുറന്ന് പ്രവർത്തിക്കുകയുള്ളൂ.

ഒരു മാസം മുമ്പാണ് സ്‌കൈ ഡൈനിങ് പ്രവർത്തനം തുടങ്ങിയത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്ഥാപന ഉടമ ചിറക്കൽപുരയിടത്തിൽ വീട്ടിൽ സോജൻ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമ ചീനിക്കുഴി സ്വദേശി പ്രവീൺ രണ്ടാം പ്രതിയാകും.

ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് സതേൺ സ്‌കൈസ് എയറോ ഡയനാമിക് പ്രവർത്തിച്ചിരുന്നത് എന്നാണ് പൊലീസ് നിഗമനം. സ്ഥാപനം പൊതുജന സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328664/sky-dining-in-idukki)