---
title: "'യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് ചെറുപ്രായത്തിൽ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക്, അന്ത്യാഭിവാദ്യങ്ങൾ സഖാവേ'- അനുശോചനം അറിയിച്ച് മുഖ്യമന്ത്രി"
english_title: "Chief Minister expresses condolences on the demise of Koyilandy MLA, KanathilJameela"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328608/chief-minister-expresses-condolences-on-the-demise-of-koyilandy-mla-kanathiljameela"
published_at: "2025-11-29T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b2df071583_cm.jpg"
keywords: []
---

# 'യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് ചെറുപ്രായത്തിൽ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക്, അന്ത്യാഭിവാദ്യങ്ങൾ സഖാവേ'- അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: ** കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**തിരുവനന്തപുരം: ** കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവരെന്നും മുഖ്യമന്ത്രി കുറിച്ചു.

*കുറിപ്പിന്റെ പൂർണരൂപം….*

*കൊയിലാണ്ടി എംഎൽഎയും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.*

* തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവർ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ചാണ് അവർ നിയമസഭാ സാമാജിക ആവുന്നത്. *

*ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി.ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിൽ ബദ്ധശ്രദ്ധയായി. കാനത്തിൽ ജമീലയുടെ അകാലവിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.*

*അന്ത്യാഭിവാദ്യങ്ങൾ സഖാവേ..*

അർബുദരോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാനത്തിൽ ജമീലയുടെ വിയോഗം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328608/chief-minister-expresses-condolences-on-the-demise-of-koyilandy-mla-kanathiljameela)