---
title: "അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര  ഡിവൈഎസ്‍പി ഉമേഷ് അവധിയിൽ പ്രവേശിച്ചു, പകരം ചുമതല നാദാപുരം കൺട്രോൾ ഡിവൈഎസ്പിക്ക്"
english_title: "Woman rape case: Vadakara DySP Umesh goes on leave"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328589/woman-rape-case-vadakara-dysp-umesh-goes-on-leave-new"
published_at: "2025-11-29T20:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b06a660fc8_police.jpg"
keywords: []
---

# അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര  ഡിവൈഎസ്‍പി ഉമേഷ് അവധിയിൽ പ്രവേശിച്ചു, പകരം ചുമതല നാദാപുരം കൺട്രോൾ ഡിവൈഎസ്പിക്ക്

> **Lead Summary:** അനാശാസ്യ കേസിൽ പാലക്കാട് ജില്ലയിൽ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ വടകര ഡിവൈഎസ്‍പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. നാദാപുരം കൺട്രോൾ ഡിവൈഎസ്പിക്ക് ആയിരിക്കും പകരം ചുമതല. ആരോഗ്യ കാരണങ്ങളഴാണ് അവധിയെന്നാണ് വിശദീകരണം.

## Article Content

അനാശാസ്യ കേസിൽ പാലക്കാട് ജില്ലയിൽ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ വടകര ഡിവൈഎസ്‍പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. നാദാപുരം കൺട്രോൾ ഡിവൈഎസ്പിക്ക് ആയിരിക്കും പകരം ചുമതല. ആരോഗ്യ കാരണങ്ങളഴാണ് അവധിയെന്നാണ് വിശദീകരണം.

വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് ഉമേഷിന് എതിരായ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ഉമേഷ് അവധിയിൽ പ്രവേശിക്കുന്നത്.

ഡിവൈഎസ്പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യ ചെയ്ത ചെർപ്പുളശ്ശേരി സിഐ ബിനു തോമസ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു.

യുവതിയുടെ വീട്ടിൽ അന്നു തന്നെയെത്തി ഉമേഷ് പീഡിപ്പിച്ചുവെന്നും അമ്മയും, രണ്ട് മക്കളുമുളള വീട്ടിൽ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ കീഴ്‌പ്പെടുത്തിയതെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപിൽ പൊലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്. നാല്, അഞ്ച്, ആറ് പേജിലാണ് ആരോപണങ്ങളുള്ളത്. 2015ലായിരുന്നു സംഭവം.

തൊട്ടിൽപ്പാലം സ്വദേശിയായ ബിനു തോമസി (52) നെ ഈ മാസം പതിനഞ്ചിനാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനെന്ന് പറഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക് പോയതായിരുന്നു ബിനു. തിരികെ എത്താതായതോടെ സഹപ്രവർത്തകർ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

മൃതദേഹത്തിന്‌ സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു .കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്.

എന്നാൽ ജോലിസംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328589/woman-rape-case-vadakara-dysp-umesh-goes-on-leave-new)