---
title: "ജാഗ്രത ...: ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്, പുതുച്ചേരിയിലും തമിഴ്നാട്ടിലും റെഡ് അലർട്ട്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു"
english_title: "Cyclone Dit Vaa, heavy rains in Tamil Nadu coast and Puducherry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328583/cyclone-dit-vaa-heavy-rains-in-tamil-nadu-coast-and-puducherry"
published_at: "2025-11-29T19:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692af6fad8560_rain.jpg"
keywords: []
---

# ജാഗ്രത ...: ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്, പുതുച്ചേരിയിലും തമിഴ്നാട്ടിലും റെഡ് അലർട്ട്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

> **Lead Summary:** **ദില്ലി: ** ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും. മണിക്കൂറില്‍ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്.

## Article Content

**ദില്ലി: ** ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും. മണിക്കൂറില്‍ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്.

തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട് -ആന്ധ്രാ തീരത്ത്‌ മഴ തുടരും. പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെന്നൈ അടക്കം 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ആകെ 6000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി റവന്യൂ മന്ത്രി അറിയിച്ചു. വിവിധ ജില്ലകളിലായി എൻഡിആർഎഫ്-എസ്ഡിആർഎഫ് സംഘങ്ങൾ സജ്ജമായിട്ടുണ്ട്.

വേദാരണ്യത്ത് 9000 ഏക്കർ ഉപ്പുപ്പാടം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കടലൂർ ജില്ലയിൽ 929 ഗർഭിണികളെ സുരക്ഷിത കേന്ദങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ശ്രീലങ്കയില്‍ ഡിറ്റ് വാ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ടുകൾ. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്.

ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. അതേസമയം, രക്ഷാദൗത്യത്തിൽ ലങ്കൻ ക്രിക്കറ്റ്‌ ടീം നായകൻ അസലങ്കയും താരങ്ങളും പങ്കുചേർന്നു. അതിനിടെ, രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ഇന്ത്യക്ക് നന്ദി പറഞ്ഞ് ലങ്കൻ സർക്കാരും പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328583/cyclone-dit-vaa-heavy-rains-in-tamil-nadu-coast-and-puducherry)