---
title: "'അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന്'; തൊട്ടിൽപ്പാലം സ്വദേശി എസ് എച്ച്  ഓയുടെ ആത്മഹത്യാക്കുറിപ്പ്;  വടകര ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തേക്കും"
english_title: "Suicide note of SHO from Thottilpalam, case may be registered against Vadakara DySP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328559/suicide-note-of-sho-from-thottilpalam-case-may-be-registered-against-vadakara-dysp-new"
published_at: "2025-11-29T16:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692acd0329593_sho.jpg"
keywords: []
---

# 'അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന്'; തൊട്ടിൽപ്പാലം സ്വദേശി എസ് എച്ച്  ഓയുടെ ആത്മഹത്യാക്കുറിപ്പ്;  വടകര ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തേക്കും

> **Lead Summary:** **കോഴിക്കോട്: **ഗുരുതര ആരോപണങ്ങളടങ്ങുന്ന എസ്എച്ച്ഓ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ വടകര ഡിവൈഎസ്‌പി എ ഉമേഷിനെതിരെ കേസെടുത്തേക്കും.

## Article Content

**കോഴിക്കോട്: **ഗുരുതര ആരോപണങ്ങളടങ്ങുന്ന എസ്എച്ച്ഓ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ വടകര ഡിവൈഎസ്‌പി എ ഉമേഷിനെതിരെ കേസെടുത്തേക്കും.

എസ്എച്ച്ഒ ബിനുതോമസിന്റെ 35 പേജടങ്ങുന്ന ആത്മഹത്യാക്കുറിപ്പിലാണ് 2014ൽ സിഐ ആയിരുന്ന നിലവിൽ ഡിവൈഎസ്‌പിയായ ഉമേഷിനെതിരെ നിർണായക വിവരങ്ങളുള്ളത് .

വടക്കാഞ്ചേരി സ്​റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ പെൺവാണിഭക്കേസിൽ പാലക്കാട് ജില്ലയിൽ അറസ്റ്റിലായ യുവതിയെ ഡിവൈഎസ്‌പി എ ഉമേഷ് ബലാത്സംഗം ചെയ്‌തെന്നാണ് കുറിപ്പിലുള്ളത്.

യുവതിയുടെ വീട്ടിൽ അന്നു തന്നെയെത്തി ഉമേഷ് പീഡിപ്പിച്ചുവെന്നും അമ്മയും, രണ്ട് മക്കളുമുളള വീട്ടിൽ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ കീഴ്‌പ്പെടുത്തിയതെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപിൽ പൊലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്. നാല്, അഞ്ച്, ആറ് പേജിലാണ് ആരോപണങ്ങളുള്ളത്. 2015ലായിരുന്നു സംഭവം.

തൊട്ടിൽപ്പാലം സ്വദേശിയായ ബിനു തോമസി (52) നെ ഈ മാസം പതിനഞ്ചിനാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനെന്ന് പറഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക് പോയതായിരുന്നു ബിനു. തിരികെ എത്താതായതോടെ സഹപ്രവർത്തകർ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

മൃതദേഹത്തിന്‌ സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു .കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്.

എന്നാൽ ജോലിസംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ആറുമാസം മുൻപാണ് സ്ഥലം മാറ്റം ലഭിച്ച് ബിനുതോമസ് ചെർപ്പുളശ്ശേരിയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328559/suicide-note-of-sho-from-thottilpalam-case-may-be-registered-against-vadakara-dysp-new)