---
title: "സർക്കാർ സ്കൂളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി; പോക്സോ കേസിൽ 23-കാരൻ അറസ്റ്റിൽ"
english_title: "Class 10th girl gives birth to baby boy in government school hostel toilet 23 year-old arrested in POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328209/class-10th-girl-gives-birth-to-baby-boy-in-government-school-hostel-toilet-23-year-old-arrested-in-pocso-case"
published_at: "2025-11-27T16:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69282eae0c13e_baby_leg.jpg"
keywords: []
---

# സർക്കാർ സ്കൂളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി; പോക്സോ കേസിൽ 23-കാരൻ അറസ്റ്റിൽ

> **Lead Summary:** സർക്കാർ സ്കൂ‌ളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി. കർണാടകയിലെ കൊപ്പലിലെ ശ്രീ ഡി ദേവരാജ് പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് 16 വയസ് പ്രായമുള്ള വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകിയത്.

## Article Content

സർക്കാർ സ്കൂ‌ളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി. കർണാടകയിലെ കൊപ്പലിലെ ശ്രീ ഡി ദേവരാജ് പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് 16 വയസ് പ്രായമുള്ള വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകിയത്.

സംഭവത്തിൽ കുകന്നൂർ പൊലീസ് പോക്സോ വകുപ്പുകൾ അനുസരിച്ച് 23കാരനെതിരെയും മറ്റ് ആറു പേർക്കെതിരെയും കേസ് എടുത്തു. ഹോസ്റ്റലിലെ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തക അടക്കമുള്ള ആറ് പേർക്കെതിരെയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് കേസ് എടുത്തിട്ടുള്ളത്.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഹന്ത് സ്വാമിയാണ് എഫ്ഐആർ ഫയൽ ചെയ്തിട്ടുള്ളത്. രാവിലെ 5.30ഓടെ ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകിയതായി ഹോസ്റ്റൽ ജീവനക്കാരാണ് സഖി കേന്ദ്രത്തിൽ വിളിച്ച് അറിയിച്ചത്. ശുചിമുറിയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിക്കും നവജാത ശിശുവിനും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥനോടാണ് 23കാരൻ തന്നെ ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്ത വിവരം വിദ്യാർത്ഥിനി വിശദമാക്കിയത്. ഈ വർഷം ഏപ്രിൽ മാസത്തിൽ നിരവധി തവണയാണ് 23കാരൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ഹനുമഗൗഡ എന്ന 23കാരൻ വിവാഹ വാഗ്ദാനം നൽകിയായിരുന്നു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ശേഷം ബല പ്രയോഗത്തിലൂടെ ലൈംഗിക ബന്ധം പുലർത്തിയെന്നാണ് വിദ്യാർത്ഥിനി മൊഴി നൽകിയത്.

ഹോസ്റ്റലിലെ വാർഡൻ ശശികല, മുതിർന്ന അധ്യാപകരായ പ്രഭാകർ, യാൻകപ്പ, ദേശീയ ശിശു സംരക്ഷണ പദ്ധതിയിലെ ഡോക്ടർമാരായ ഡോ ഭരതേഷ് ഹിരേമത്, ഡോ സബിയ എന്നിവർക്കെതിരെയാണ് കൃത്യ നിർവ്വഹണങ്ങളിലെ വീഴ്ചയ്ക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംരക്ഷിക്കാത്തതിനും കേസ് എടുത്തത്. വിദ്യാർത്ഥിനി ഗർഭിണി ആയ ശേഷവും ഹോസ്റ്റലിൽ സ്ഥിര പരിശോധനകളിൽ അസ്വഭാവികതയൊന്നും കണ്ടെത്താതിരുന്നതിനാണ് നടപടി. 23കാരനെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328209/class-10th-girl-gives-birth-to-baby-boy-in-government-school-hostel-toilet-23-year-old-arrested-in-pocso-case)