---
title: "നേട്ടങ്ങൾ അഭിമാനകരം; 100 ശതമാനം എസ്ഐആർ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ച് വയനാട് ജില്ലാ കളക്ടർ"
english_title: "wayanad collector invites blos completed sir work to camp office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328179/wayanad-collector-invites-blos-completed-sir-work-to-camp-office-new"
published_at: "2025-11-27T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6928125035c1d_megha_sree.jpg"
keywords: []
---

# നേട്ടങ്ങൾ അഭിമാനകരം; 100 ശതമാനം എസ്ഐആർ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ച് വയനാട് ജില്ലാ കളക്ടർ

> **Lead Summary:** **വയനാട്: ( **[www.truevisionnews.com]** ) ** വിമർശനങ്ങൾക്കിടയിലും സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നതിനിടെ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ച് വയനാട് ജില്ലാ കളക്ടർ.

## Article Content

**വയനാട്: ( **[www.truevisionnews.com]** ) ** വിമർശനങ്ങൾക്കിടയിലും സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നതിനിടെ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ച് വയനാട് ജില്ലാ കളക്ടർ.

100% എസ്ഐആർ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ബി.എൽ.ഒമാരെയും അവരുടെ സൂപ്പർവൈസർമാരെയും നാളെ വൈകിട്ട് ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ചു. ഇവരുടെ നേട്ടങ്ങൾ അഭിമാനകരമെന്നും, ഇവരുടെ വിശേഷങ്ങളറിയാനും പ്രചോദനാത്മകമായ കഥകൾ കേൾക്കാനുമാണ് ജില്ലാ കളക്ടർ പരിപാടി പ്രഖ്യാപിച്ചത്. ജോലി ഇനിയും പൂർത്തിയാക്കാത്ത ബിഎൽഒമാരെയും സൂപ്പർവൈസർമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

**ക്ഷണം അറിയിച്ചുകൊണ്ടുള്ള കളക്ടറുടെ കുറിപ്പ്**

*100% SIR പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പ്രിയപ്പെട്ട ബി.എൽ. ഒ- മാരോടും അവരുടെ സൂപ്പർവൈസർമാരോടുമൊപ്പം നാളെ (28-11-25) ഒരു സായാഹ്നം കൂടെ … SIR എന്യുമറേഷൻ ഫോമുകളുടെ വിതരണവും വെരിഫിക്കേഷനും മുതൽ ഡിജിറ്റൈസേഷൻ വരെ മാതൃകാപരമായ തരത്തിൽ അതിവേഗം പൂർത്തിയാക്കി കൊണ്ടിരിക്കുന്ന നിങ്ങളുടെ അതുല്യമായ സേവനങ്ങൾ ഏറെ അഭിമാനകരമാണ്… *

*കരുത്തുറ്റ ജനാധിപത്യത്തിനായി വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള ഈ പ്രയാണത്തിൽ, ഒരു വോട്ടറെയും നഷ്ടപ്പെടുത്താതെ, സമഗ്രമായ ഉൾചേർക്കലുകളിലൂടെ ഓരോ വോട്ടറെയും ചേർത്തുപിടിച്ചു കൊണ്ട് ഉത്തരവാദിത്വത്തോടെ തങ്ങളിലർപ്പിക്കപ്പെട്ട കർത്തവ്യങ്ങളെല്ലാം ഫലപ്രദമായി പൂർത്തിയാക്കിയ നിങ്ങളേവരെയും സഹൃദയം ചേർത്തു വെക്കുകയാണ് … *

*നാളെ വൈകുന്നേരം ഇത്തിരി നേരം ഒത്തിരി വിശേഷങ്ങളുമായി നമുക്കൊന്ന് ഒത്തു കൂടിയാലോ? പ്രചോദനാത്മകമായ നിങ്ങളുടെ കഥകൾ പങ്കുവെച്ചാലോ?*

*ഏറെ സ്നേഹാദരങ്ങളോടെ, ക്യാമ്പ് ഓഫീസിൽ വച്ച് നടത്തുന്ന T-chat ലേക്ക്, 100% SIR പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പ്രിയപ്പെട്ട ബി.എൽ. ഒ- മാർക്കും അവരുടെ സൂപ്പർവൈസർമാർക്കും സ്വാഗതം…*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328179/wayanad-collector-invites-blos-completed-sir-work-to-camp-office-new)