---
title: "പണത്തിന് വേണ്ടി എന്തുംചെയ്യും ...! അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷത്തിന് വിറ്റു; മാതൃസഹോദരനും ഭാര്യയും അടക്കം ആറുപേർ അറസ്റ്റിൽ"
english_title: "Five-year-old girl kidnapped, sold for Rs 1.80 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328153/five-year-old-girl-kidnapped-sold-for-rs-180-lakh-new-"
published_at: "2025-11-27T11:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927eeaf2b78d_arrest.jpg"
keywords: []
---

# പണത്തിന് വേണ്ടി എന്തുംചെയ്യും ...! അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷത്തിന് വിറ്റു; മാതൃസഹോദരനും ഭാര്യയും അടക്കം ആറുപേർ അറസ്റ്റിൽ

> **Lead Summary:** **മുംബൈ : **സാന്താക്രൂസിൽ നിന്ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ ആറുപേർ അറസ്റ്റിൽ.

## Article Content

**മുംബൈ : **സാന്താക്രൂസിൽ നിന്ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ ആറുപേർ അറസ്റ്റിൽ.

ലത്തീഫ് ഷെയ്ഖ്, ലോറൻസ് ഫെർണാണ്ടസ്, മംഗൾ ജാദവ്, കരൺ സനാസ്, ഡോ. വൃന്ദാ ചവാൻ എന്നിവർക്കൊപ്പം ഒരു ഓട്ടോ ഡ്രൈവറും അറസ്റ്റിലായി. പ്രതികളിൽ ഒരാൾ സാന്താക്രൂസ് ഈസ്റ്റിലും അഞ്ചുപേർ പൻവേലിലും താമസിക്കുന്നവരാണ്. എല്ലാവരെയും നവംബർ 28 വരെ കസ്റ്റഡിയിൽ വിട്ടു.

 കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. അമ്മയോടും സഹോദരനോടും കൂടി ഓട്ടോറിക്ഷയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെയോടെ ആരോ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

വീട്ടുജോലിക്കാരി വഴക്കുണ്ടാക്കി വീട്ടിൽ നിന്നും പോയിരുന്നതായും കുട്ടിയെ കാണാതായതോടെ വക്കോള പൊലീസിൽ പരാതി നൽകിയതായും അധികൃതർ അറിയിച്ചു. അന്വേഷണത്തിനിടെ, പൻവേലിലേക്കു പോയി സാന്താക്രൂസിൽ തിരിച്ചെത്തിയ ഒരു ഓട്ടോറിക്ഷയെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചു.

കുട്ടിയെ കാണാതായ സ്ഥലത്ത് രണ്ടുപേരും ഒരു ബൈക്ക് യാത്രക്കാരനും സംശയാസ്പദമായി കറങ്ങുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഓട്ടോ ഉടമ ലത്തീഫ് ഷെയ്ഖിനെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യംചെയ്യലിൽ, കുട്ടിയുടെ മാതൃസഹോദരനായ ലോറൻസ് ഫെർണാണ്ടസും ഭാര്യ മംഗൾ ജാദവുമാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.

ഇവർ കുട്ടിയെ കരൺ സനാസിന് 90,000 രൂപയ്ക്ക് വിറ്റതായും, പിന്നീട് സനാസ് കുട്ടിയെ ഡോ. വൃന്ദാ ചവാന് 1.80 ലക്ഷം രൂപയ്ക്ക് കൈമാറിയതായും കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഡോ. വൃന്ദാ ചവാന്റെ വീട്ടിൽ പരിശോധന നടത്തി കുട്ടിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328153/five-year-old-girl-kidnapped-sold-for-rs-180-lakh-new-)