---
title: "കിട്ടിയതൊന്നും പോരല്ലേ ...? കത്തിയും കമ്പിവടിയും കൊണ്ട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ"
english_title: "Attempted murder, beating of young man, accused in Kappa case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328107/attempted-murder-beating-of-young-man-accused-in-kappa-case"
published_at: "2025-11-27T08:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927c4df14e2a_WAYANAD.jpg"
keywords: []
---

# കിട്ടിയതൊന്നും പോരല്ലേ ...? കത്തിയും കമ്പിവടിയും കൊണ്ട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി: **യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി പുത്തന്‍കുന്ന് പാലപ്പട്ടി വീട്ടില്‍ പി എന്‍ സംജാദ് നെയാണ് ബത്തേരി പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

## Article Content

**സുല്‍ത്താന്‍ബത്തേരി: **യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി പുത്തന്‍കുന്ന് പാലപ്പട്ടി വീട്ടില്‍ പി എന്‍ സംജാദ് നെയാണ് ബത്തേരി പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആയുധ നിയമം (ആംസ് ആക്ട്) തുടങ്ങി ബത്തേരി, അമ്പലവയല്‍ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കുറിച്യാട് ഫോറസ്റ്റ് സ്റ്റേഷനിലും കേസുണ്ട്.

ഇക്കഴിഞ്ഞ 24 ന് തീയ്യതി രാത്രിയാണ് ബത്തേരി ടൗണിലെ ഐസക് ബാറിന് മുന്‍വശം വെച്ച് ബീനാച്ചി സ്വദേശിയെ സംജാദ് ക്രൂരമായി ആക്രമിച്ച് മാരക പരിക്കേല്‍പ്പിച്ചത്. സംജാദും ബീനാച്ചി സ്വദേശിയുമുള്‍പ്പെട്ട റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു മര്‍ദനത്തിന് കാരണം.

കൈമുട്ടിനും കണ്ണിനും ഷോള്‍ഡറിനും പരിക്കേറ്റ യുവാവ് അത്യസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ശ്രീകാന്ത് എസ് നായര്‍, എസ് ഐമാരായ ജെസ്വിന്‍ ജോയ്, എ എസ് ഐമാരായ ജയകുമാര്‍, ഷാജി ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബിത്ത്, മുസ്തഫ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിജോ, നിയാദ്, രാജീവ്, അനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328107/attempted-murder-beating-of-young-man-accused-in-kappa-case)