---
title: "പൊലിഞ്ഞത് രണ്ട് ജീവൻ; സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടം, ഓട്ടോയിൽ അഞ്ച് കുട്ടികളുണ്ടെന്ന് തിരിച്ചറിഞ്ഞില്ല, പോസ്റ്റ്‌മോർട്ടം ഇന്ന്"
english_title: "Auto overturns, two children die, accident occurs when they see a snake and cut it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328105/auto-overturns-two-children-die-accident-occurs-when-they-see-a-snake-and-cut-it"
published_at: "2025-11-27T08:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927c15c3aff6_pathanamthitta.jpg"
keywords: []
---

# പൊലിഞ്ഞത് രണ്ട് ജീവൻ; സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടം, ഓട്ടോയിൽ അഞ്ച് കുട്ടികളുണ്ടെന്ന് തിരിച്ചറിഞ്ഞില്ല, പോസ്റ്റ്‌മോർട്ടം ഇന്ന്

> **Lead Summary:** **പത്തനംതിട്ട: **സ്കൂളിൽനിന്നു വീട്ടിലെത്തുന്നതിനു നിമിഷങ്ങൾ മുൻപുണ്ടായ അപകടത്തിൽ രണ്ടു കുരുന്നുകളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണു നാട്. ഇന്നലെ വൈകിട്ട് 3.30ന് ശേഷം കരിമാൻതോട് –തൂമ്പാക്കുളം റോഡിലാണ് അപകടമുണ്ടായത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

## Article Content

**പത്തനംതിട്ട: **സ്കൂളിൽനിന്നു വീട്ടിലെത്തുന്നതിനു നിമിഷങ്ങൾ മുൻപുണ്ടായ അപകടത്തിൽ രണ്ടു കുരുന്നുകളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണു നാട്. ഇന്നലെ വൈകിട്ട് 3.30ന് ശേഷം കരിമാൻതോട് –തൂമ്പാക്കുളം റോഡിലാണ് അപകടമുണ്ടായത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചുമാറ്റിയപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. എൽകെജി വിദ്യാർഥി യദുകൃഷ്ണ (4), 3–ാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി (8) എന്നിവരാണു മരിച്ചത്.

കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഇന്നലെ വൈകിട്ടു സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്ന സമയത്താണു അപകടം. ഡ്രൈവർക്കും മൂന്നു വിദ്യാർഥികൾക്കും പരുക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചാഞ്ഞപ്ലാക്കൽ അനിലിന്റെ മകൻ ശബരിനാഥിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഞ്ച് വിദ്യാർഥികളും ഒരു വിദ്യാർഥിയുടെ അമ്മയുമായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർ. വിദ്യാർഥിയുടെ അമ്മ പരുക്കില്ലാതെ രക്ഷപ്പെട്ടു.

കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൻസ പരുക്കുകളോടെ പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിലും തലയ്ക്കു പരുക്കേറ്റ ഡ്രൈവർ തൂമ്പാക്കുളം വിളയിൽ രാജേഷ് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328105/auto-overturns-two-children-die-accident-occurs-when-they-see-a-snake-and-cut-it)