---
title: "ക്ഷേത്രത്തിൽ നടത്തിയ പൂജാകർമ്മങ്ങൾക്ക് കൈക്കൂലി; ദേവസ്വം ബോർഡ് സബ്-ഗ്രൂപ്പ് ഓഫീസർ വിജിലൻസ് പിടിയിൽ"
english_title: "bribery case devaswom board sub group officer arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328034/bribery-case-devaswom-board-sub-group-officer-arrested"
published_at: "2025-11-26T16:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926de6674a6b_bribe.jpg"
keywords: []
---

# ക്ഷേത്രത്തിൽ നടത്തിയ പൂജാകർമ്മങ്ങൾക്ക് കൈക്കൂലി; ദേവസ്വം ബോർഡ് സബ്-ഗ്രൂപ്പ് ഓഫീസർ വിജിലൻസ് പിടിയിൽ

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** ) ** ക്ഷേത്രത്തിൽ നടത്തിയ പൂജാകർമ്മങ്ങൾക്ക് കൈക്കൂലി വാങ്ങിയ ദേവസ്വം ബോർഡ് സബ്-ഗ്രൂപ്പ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ദുർഗാ ദേവിക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് -ഗ്രൂപ്പ് ഓഫീസറും ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസനാണ് പിടിയിലായത്.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** ) ** ക്ഷേത്രത്തിൽ നടത്തിയ പൂജാകർമ്മങ്ങൾക്ക് കൈക്കൂലി വാങ്ങിയ ദേവസ്വം ബോർഡ് സബ്-ഗ്രൂപ്പ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ദുർഗാ ദേവിക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് -ഗ്രൂപ്പ് ഓഫീസറും ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസനാണ് പിടിയിലായത്.

കുന്നത്തൂർ ക്ഷേത്രത്തിൽ പൂജകൾക്ക് കൈക്കൂലിയായി 5,000 ഇയാൾ വാങ്ങവെയാണ് കുടുങ്ങിയത്. മാന്നാർ സ്വദേശിയായ പരാതിക്കാരൻ വിവിധ പൂജകൾക്ക് ബുക്ക് ചെയ്യുന്നതിനായി ശ്രീനിവാസനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പൂജയ്ക്കായി ചിലവാകുന്ന തുകയും ദക്ഷിണയുടെ ചിലവും വഹിക്കണമെന്ന് ശ്രീനിവാസൻ പരാതിക്കാരനോട് ആവശ്യപ്പെടുകയും, പൂജകൾ നടത്തുന്നതിനുള്ള അനുമതി നൽകുകയും ചെയ്തിരുന്നു.

തുടർന്ന് പൂജകൾക്കായി ക്ഷേത്രത്തിൽ ഫീസിനത്തിൽ 480 രൂപ അടക്കുകയും, നവംബർ 15ന് പൂജകൾ നടത്തുകയും ചെയ്തു. പൂജകൾക്കായി പരാതിക്കാരൻ 30,000 രൂപ ക്ഷേത്രത്തിൽ ചിലവാക്കിയിരുന്നു. തുടർന്ന് 17-ാം തീയതി ശ്രീനിവാസൻ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ട് പൂജകൾ നടത്തിയതിനുള്ള സൗകര്യം ചെയ്തുകൊടുത്തിന് പ്രതിഫലമായി 5,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ഇതിൽ പ്രതികരിക്കാതിരുന്ന പരാതിക്കാരനെ ശ്രീനിവാസൻ 22ന് വീണ്ടും ഫോണിൽ ബന്ധപ്പെട്ട് 5,000 രൂപ നൽകിയേ മതിയാവൂ എന്നും, ഈ തുക തന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയച്ച് നൽകണമെന്നും പറഞ്ഞു. എന്നാൽ കൈക്കൂലി നൽകാൻ താത്പര്യമില്ലാത്ത പരാതിക്കാരൻ വിവരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരികയുമായിരുന്നു.

ബുധൻ ഉച്ചയ്ത്ത് മാന്നാറിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ ശ്രീനിവാസനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328034/bribery-case-devaswom-board-sub-group-officer-arrested)