---
title: "മുന്നിൽ റൺമല....! പരാജയം മുന്നിൽ കണ്ട് ഇന്ത്യ; ഓപ്പണർമാരായ ജയ്‌സ്വാളും രാഹുലും പുറത്ത്"
english_title: "india vs south africa test"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327853/india-vs-south-africa-test"
published_at: "2025-11-25T16:39:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69258e9277b27_cricket.jpg"
keywords: []
---

# മുന്നിൽ റൺമല....! പരാജയം മുന്നിൽ കണ്ട് ഇന്ത്യ; ഓപ്പണർമാരായ ജയ്‌സ്വാളും രാഹുലും പുറത്ത്

> **Lead Summary:** ഗുവാഹത്തി: ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 549 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.

## Article Content

ഗുവാഹത്തി: ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 549 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.

രണ്ട് റണ്‍സോടെ സായ് സുദര്‍ശനും നാലു റണ്‍സോടെ നൈറ്റ് വാച്ച്‌മാന്‍ കുല്‍ദീപ് യാദവും ക്രീസില്‍. 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും ആറ് റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്സ്വാളിനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ബൗൾഡാക്കി.

എട്ടുവിക്കറ്റും 90 ഓവറും ശേഷിക്കെ ഇന്ത്യക്ക് സമനിലപോലും സ്വപ്നം കാണണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. 8 വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണഫ്രിക്കൻ സ്കോറിന് 522 റണ്‍സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.

**രണ്ടാം ഇന്നിംഗ്സിലും രക്ഷയില്ല**

ഹിമാലയന്‍ വിജയലക്ഷ്യം തേടി ക്രീസിലിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ആറോവില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നെങ്കിലും ഏഴാം ഓവറിലെ ആദ്യ പന്തില്‍ ജയ്സ്വാള്‍ ഒരിക്കല്‍ കൂടി യാന്‍സന് മുന്നില്‍ വീണു. 20 പന്തില്‍ ഒരു ഫോറും ഒരു സിക്സും പറത്തി 13 റണ്‍സെടുത്ത ജയ്സ്വാളിനെ യാന്‍സന്‍ വിക്കറ്റ് കീപ്പര്‍ വെരിയെന്നെയുടെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നാലെ സ്പിന്നര്‍മാരെ പന്തറിയാന്‍ വിളിച്ച ക്യാപ്റ്റൻ ടെംബാ ബാവുമയുടെ തന്ത്രം ഉടന്‍ ഫലം കണ്ടു. തന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍മര്‍ രാഹുലിനെ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ 21-2ലേക്ക് വീണു. കുല്‍ദീപും സായ് സുദര്‍ശനും ചേര്‍ന്ന് നാലാം ദിനം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ക്രീസ് വിട്ടു.

നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്താണ് ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. സ്റ്റബ്സിനെ ജഡേജ ബൗള്‍ഡാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327853/india-vs-south-africa-test)