---
title: "കുഞ്ഞൻ പോക്കറ്റ് എന്തിനാ ...?  ജീന്‍സിലെ ഈ ചെറിയ പോക്കറ്റിന് പിന്നിലെ രഹസ്യം അറിയണോ?"
english_title: "Fashion signature, pocket born for pocket watches, small pocket on jeans"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327779/fashion-signature-pocket-born-for-pocket-watches-small-pocket-on-jeans"
published_at: "2025-11-25T12:36:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692556e4ecb70_fashion.jpg"
keywords: []
---

# കുഞ്ഞൻ പോക്കറ്റ് എന്തിനാ ...?  ജീന്‍സിലെ ഈ ചെറിയ പോക്കറ്റിന് പിന്നിലെ രഹസ്യം അറിയണോ?

> **Lead Summary:** ** നമ്മ**ൾ ദിവസവും ധരിക്കുന്ന ജീൻസുകളിൽ വലത് ഭാഗത്തായി കാണുന്ന ആ ചെറിയ പോക്കറ്റ് എന്തിനാണെന്ന് എപ്പോയെങ്കിലും ചിന്തിച്ചവരായിരിക്കും നമ്മൾ ചിലരെങ്കിലും.

## Article Content

** നമ്മ**ൾ ദിവസവും ധരിക്കുന്ന ജീൻസുകളിൽ വലത് ഭാഗത്തായി കാണുന്ന ആ ചെറിയ പോക്കറ്റ് എന്തിനാണെന്ന് എപ്പോയെങ്കിലും ചിന്തിച്ചവരായിരിക്കും നമ്മൾ ചിലരെങ്കിലും.

എന്നാൽ അത് ഒരു ഡിസൈൻ പിഴവോ വെറുമൊരു അലങ്കാരമോ അല്ല. 150 വർഷം പഴക്കമുള്ള ഒരു ചരിത്രമാണ് ഇതിന് പിന്നിലുള്ളതെന്ന് എത്ര പേർക്ക് അറിയാം. ജീൻസുകൾ കണ്ടുപിടിക്കപ്പെട്ട കാലം മുതൽ നിലനിൽക്കുന്ന ഈ 'മിനി പോക്കറ്റ്' ഇപ്പോൾ ഒരു ഫാഷൻ ട്രെൻഡ് എന്നതിലുപരി ക്ലാസിക് ഡെനിം ഡിസൈനിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

ജീൻസിന്റെ ചരിത്രം ആരംഭിക്കുന്നത് 19-ാം നൂറ്റാണ്ടിലാണ്. ലെവി സ്‌ട്രോസ് & കമ്പനി (Levi Strauss & Co.) 1873-ൽ ആദ്യമായി ജീൻസിൽ ഈ പോക്കറ്റ് അവതരിപ്പിച്ചു. അക്കാലത്ത്, കൈയ്യിൽ ധരിക്കുന്ന റിസ്റ്റ് വാച്ചുകൾ പ്രചാരത്തിലായിരുന്നില്ല. പകരം, ചെയിനിൽ ഘടിപ്പിച്ച പോക്കറ്റ് വാച്ചുകൾ സ്റ്റാറ്റസ് സിംബൽ ആയിരുന്നു.

എന്നാൽ ഖനി തൊഴിലാളികൾ, കൗബോയ്‌സ്, റെയിൽവേ തൊഴിലാളികൾ തുടങ്ങിയ കായികാധ്വാനം ചെയ്യുന്നവർക്ക് ഈ വിലപിടിപ്പുള്ള പോക്കറ്റ് വാച്ചുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. വാച്ചുകൾ പൊടിയിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി, 'വാച്ച് പോക്കറ്റ്' അല്ലെങ്കിൽ 'ഫോബ് പോക്കറ്റ്' എന്ന പേരിൽ ഈ ചെറിയ പോക്കറ്റ് ജീൻസിൽ ഉൾപ്പെടുത്തി. ഇന്നും ലെവീസ് ഈ പോക്കറ്റിനെ 'വാച്ച് പോക്കറ്റ്' എന്ന് തന്നെയാണ് വിളിക്കുന്നത്.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റിസ്റ്റ് വാച്ചുകൾ സാധാരണമായതോടെ ഈ പോക്കറ്റിന്റെ യഥാർത്ഥ ആവശ്യകത ഇല്ലാതായി. എങ്കിലും, ജീൻസിന്റെ ഐക്കോണിക് ഡിസൈനിന്റെ ഭാഗമായി ഈ പോക്കറ്റ് നിലനിർത്തി.

150 വർഷങ്ങൾക്ക് ശേഷവും, ലെവീസ് ഈ മൈക്രോ-പോക്കറ്റിനെ അവരുടെ സവിശേഷമായ ഡിസൈൻ ഘടകമായി നിലനിർത്തുന്നു. ഇന്ന് റാങ്‌ളർ (Wrangler), ലീ (Lee) പോലുള്ള പ്രമുഖ ഡെനിം ബ്രാൻഡുകൾ പോലും ലെവീസിന്റെ ഈ പാത പിന്തുടർന്ന് അവരുടെ ഡിസൈനുകളിൽ ഈ ചെറിയ അഞ്ചാം പോക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യകതയേക്കാൾ ഉപരി പാരമ്പര്യവും സ്റ്റൈലും നിലനിർത്തുന്ന ഈ പോക്കറ്റ്, ഓരോ ജീൻസ് പ്രേമിയുടെയും വസ്ത്രധാരണത്തിലെ ഒരു രഹസ്യചരിത്രമായി തുടരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327779/fashion-signature-pocket-born-for-pocket-watches-small-pocket-on-jeans)