---
title: "കോഴിക്കോട് വൻ  ലഹരിവേട്ട; അരക്കോടി വിലവരുന്ന രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ, ഒളിപ്പിച്ചത് വാട്ടർ ഹീറ്ററിൽ"
english_title: "Huge drug bust in Kozhikode, two youths arrested, drugs hidden in water heater"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327699/huge-drug-bust-in-kozhikode-two-youths-arrested-drugs-hidden-in-water-heater"
published_at: "2025-11-24T21:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6924811ec4743_kozhikkode.jpg"
keywords: []
---

# കോഴിക്കോട് വൻ  ലഹരിവേട്ട; അരക്കോടി വിലവരുന്ന രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ, ഒളിപ്പിച്ചത് വാട്ടർ ഹീറ്ററിൽ

> **Lead Summary:** **കോഴിക്കോട് : ** അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി കോഴിക്കോട് നഗരത്തിൽ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. 250 ഗ്രാം എംഡിഎംഎ, 44 ഗ്രാമിൽ ഏറെ എക്സ്റ്റസി ഗുളികകൾ, 1.5 ഗ്രാം തൂക്കം വരുന്ന 99 എൽഎസ്ഡി സ്റ്റാംപുകൾ തുടങ്ങിയവയാണ് പിടികൂടിയത്.

## Article Content

**കോഴിക്കോട് : ** അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി കോഴിക്കോട് നഗരത്തിൽ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. 250 ഗ്രാം എംഡിഎംഎ, 44 ഗ്രാമിൽ ഏറെ എക്സ്റ്റസി ഗുളികകൾ, 1.5 ഗ്രാം തൂക്കം വരുന്ന 99 എൽഎസ്ഡി സ്റ്റാംപുകൾ തുടങ്ങിയവയാണ് പിടികൂടിയത്.

സംഭവത്തിൽ കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ്(27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ(29) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

വാട്ടർ ഹീറ്ററിന്റെ സ്റ്റീൽ ടാങ്കിനുള്ളിൽ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പിടികൂടിയത്. ഈ മാസം ഡാൻസാഫ് സംഘം നടത്തുന്ന ആറാമത്തെ ലഹരി വേട്ടയാണിത്. എംഡിഎംഎ അടങ്ങിയ എക്സ്റ്റസി ഗുളികകൾ ജ്യൂസിൽ കലർത്തിയാണ് യുവാക്കൾക്ക് നൽകുന്നത്.

ഈ രീതിയിലാണ് വിദ്യാർഥികളെയും സ്ത്രീകളെയും മറ്റും ഈ മാരക ലഹരിമരുന്നിന് അടിമയാക്കുന്നത്. നാവിനടിയിൽ വച്ച് ഉപയോഗിക്കുന്ന ലഹരി സ്റ്റാംപുകളായ എൽഎസ്ഡി 99 എണ്ണമാണ് പിടികൂടിയത്.

10 ദിവസം കൊണ്ട് ഇത്രയും ലഹരിമരുന്നുകൾ നഗരത്തിലെ ആവശ്യക്കാർക്കിടയിൽ വിറ്റുതീരാറുണ്ടെന്നാണ് പിടിയിലായ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത്. കോഴിക്കോട് സിറ്റി ഡിസിപി അരുൺ കെ. പവിത്രന്റെ കീഴിൽ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ജോർജ് നേതൃത്വം നൽകിയ ഡാൻസാഫ് സംഘവും കോഴിക്കോട് കസബ എസ്ഐ സനീഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടി മുറുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ എത്തിയ രണ്ടു പേരിൽനിന്നു ലഹരിമരുന്നുകൾ കണ്ടെത്തിയത്.

പിടിയിലായ രണ്ടുപേരും മാങ്കാവിലെ ഡ്രീം പാത്ത് എന്ന എജ്യുക്കേഷൻ കൺസൾട്ടൻസി നടത്തുന്നവരാണ്. ഈ കൺസൾട്ടൻസിയുടെ മറവിൽ ലഹരി ഇടപാടുകൾ നടക്കുന്നുണ്ട് എന്നുള്ള രഹസ്യവിവരം ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്തിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു.

കഴിഞ്ഞ ആഴ്ച ഇരുവരും ബെംഗളൂരുവിലേക്കു പോയെന്ന വിവരം മനസ്സിലാക്കിയ സിറ്റി ഡാൻസാഫ് സംഘം കൃത്യമായി ഇവരെ നിരീക്ഷിച്ചു വന്നതിനു പിന്നാലെയാണ് രാവിലെ നഗരത്തിലെത്തിയ ഇരുവരെയും പിടികൂടാനായത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻറിൽ ഇറങ്ങിയ പ്രതികളെ ഡാൻസാഫ് സംഘം തടഞ്ഞു നിർത്തിയെങ്കിലും ഇവരിൽനിന്ന് ആദ്യം ഒന്നും കണ്ടെത്താനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327699/huge-drug-bust-in-kozhikode-two-youths-arrested-drugs-hidden-in-water-heater)