---
title: "അൺസംഗ് ഹീറോസ്; നഗരിയിലെങ്ങും സ്‌കൗട്ട്–ജെആർസി–എൻഎസ്എസ് സേനയുടെ നിശബ്ദ സേവനം"
english_title: "Unsung Heroes, Scout, JRC, NSS, Koyilandy, Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327637/unsung-heroes-scout-jrc-nss-koyilandy-kalolsavam"
published_at: "2025-11-24T15:14:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692429dd97e5b_kalolsavam_1.jpg"
keywords: []
---

# അൺസംഗ് ഹീറോസ്; നഗരിയിലെങ്ങും സ്‌കൗട്ട്–ജെആർസി–എൻഎസ്എസ് സേനയുടെ നിശബ്ദ സേവനം

> **Lead Summary:** ജനം നിറഞ്ഞ കലോത്സവ വേദിയിൽ രചന മത്സരങ്ങളുടെ ആവേശത്തിനൊപ്പം ശാന്തവും സമർപ്പിതവുമായ കുറേ മുഖങ്ങൾ കൂടി ശ്രദ്ധ പിടിച്ചുപറ്റി. അത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി, എൻഎസ്എസ് യുണിറ്റ് പ്രവർത്തകരുടേതായിരുന്നു.

## Article Content

ജനം നിറഞ്ഞ കലോത്സവ വേദിയിൽ രചന മത്സരങ്ങളുടെ ആവേശത്തിനൊപ്പം ശാന്തവും സമർപ്പിതവുമായ കുറേ മുഖങ്ങൾ കൂടി ശ്രദ്ധ പിടിച്ചുപറ്റി. അത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി, എൻഎസ്എസ് യുണിറ്റ് പ്രവർത്തകരുടേതായിരുന്നു.

വേദിയിലെ ഓരോ കോണിലും അവരുടെ സേവന സാന്നിധ്യം വ്യക്തമായിരുന്നു. മത്സരാർത്ഥികളെ വേദികളിലേക്ക് കൈപിടിച്ചു നയിക്കുകയും ആവശ്യമായിടത്ത് സഹായത്തിനായി മുന്നിൽ നിൽക്കുകയും ചെയ്ത സ്‌കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ കലോത്സവത്തിന്റെ ‘അൺസംഗ് ഹീറോസ്’ ആയി മാറി.

തിരക്കിനിടയിലും നടപ്പാതകളിൽ ക്രമം പാലിക്കാൻ അവർ കൃത്യമായ സംവിധാനങ്ങൾ സൃഷ്ടിച്ചിരുന്നു. ആദുര സേവനത്തിൽ നിറഞ്ഞുന്നിന്ന് തിളങ്ങിയത് ജെആർസി യൂണിറ്റിന്റെ സാന്നിധ്യമായിരുന്നു. ചെറുതായ ക്ഷതങ്ങളിൽ നിന്നും അടിയന്തര സാഹചര്യങ്ങളിൽ വരെയുള്ള എല്ലാ സംഭവങ്ങളിലും അവർ വേഗത്തിൽ പ്രതികരിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ് കൈയിൽ പിടിചുള്ള അവരുടെ ഓരോ ചുവടുകളും മത്സരാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ധൈര്യം നൽകി.

സംഘാടക സമിതിയുടെ വലതുകൈയായി പ്രവർത്തിച്ചത് എൻഎസ്എസ് സന്നദ്ധപ്രവർത്തകരായിരുന്നു. വേദി ശുചിത്വം, വെള്ള വിതരണ സംവിധാനം, സംഘാടന സഹായം, പ്രേക്ഷക നിയന്ത്രണം തുടങ്ങി ഏത് മേഖലയിൽ വേണമെങ്കിലും നിശബ്ദമായി അവർ തങ്ങളുടെ ഊർജം പകരുകയായിരുന്നു.

കലോത്സവത്തിന്റെ വർണപ്പെരുപ്പത്തിനപ്പുറം നിന്ന ഈ നിശബ്ദ പ്രവർത്തകർ, പരിപാടിയുടെ വിജയത്തിൽ എടുത്ത പങ്ക് അസാധാരണമാണ്. കലയുടെ ആനന്ദത്തേക്കാള്‍ വലുത് മനുഷ്യസേവയാണ്!

വേദികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിന്നാരംഭിച്ച് ബാക്ക്‌സ്റ്റേജിലേക്കു വരെ സ്‌കൗട്ട്സും ഗൈഡ്സും മിന്നുന്ന സജീവ സാന്നിധ്യമായിരുന്നു.

> “എല്ലാ കുട്ടികളും സുരക്ഷിതമായി വീട്ടിലെത്തണം,” എന്ന ഉത്തരവാദിത്വബോധം കൈയിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളിലേക്കും അവരുടെ മുഖത്തെ ആകുലതയിലും നിറഞ്ഞുനിന്നു.

സാമൂഹ്യബോധവും പ്രവർത്തനക്ഷമതയും ഒരുമിച്ചുകലർന്നത് എൻഎസ്എസ് ടീമിന്റെ പ്രവർത്തനത്തിലായിരുന്നു. കലോത്സവത്തിൽ പങ്കെടുത്ത രക്ഷിതാക്കളും അധ്യാപകരും എൻഎസ്എസിന്റെ പരിസരനിർമ്മാണ പ്രവർത്തനത്തെ പ്രത്യേകം പ്രശംസിച്ചു. കുട്ടികൾ ഭക്ഷണം കഴിച്ചിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ—എവിടെയും ശുചിത്വം നിലനിർത്താൻ അവർ എപ്പോഴും സജ്ജരായിരുന്നു.

മത്സരങ്ങളിൽ വിജയവും പരാജയവും നിർണ്ണയിക്കുമ്പോൾ, ഇവരുടെ പ്രവർത്തനം വിജയത്തിനപ്പുറമായിരുന്നു. ചിരിച്ച മുഖത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാർത്ഥികൾ കലോത്സവത്തിന് ഒരു കരുത്തും രക്ഷിതാക്കൾക്ക് ധൈര്യവും കലോത്സവ വേദിക്ക് ഒരേസമയം സൗന്ദര്യവും നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327637/unsung-heroes-scout-jrc-nss-koyilandy-kalolsavam)