---
title: "'സഖാക്കൾ അഴിഞ്ഞാടുകയാണ്, ചോരത്തിളപ്പുള്ള കുട്ടികൾ ഞങ്ങൾക്കും ഉണ്ട്; കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി' -കെ സുധാകരൻ"
english_title: "local body election k sudhakaran strongly criticizes cpm "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327607/local-body-election-k-sudhakaran-strongly-criticizes-cpm"
published_at: "2025-11-24T13:18:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69240eba274d0_k_sudhakaran.jpg"
keywords: []
---

# 'സഖാക്കൾ അഴിഞ്ഞാടുകയാണ്, ചോരത്തിളപ്പുള്ള കുട്ടികൾ ഞങ്ങൾക്കും ഉണ്ട്; കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി' -കെ സുധാകരൻ

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) **കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ആന്തൂരിലും മലപട്ടത്തും സഖാക്കൾ അഴിഞ്ഞാടുകയാണെന്നും ജനാധിപത്യത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയപാർട്ടിയുണ്ട് എന്നത് ലജ്ജകരമാണ്. ഗുണ്ടകളായ പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളില്ല.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) **കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ആന്തൂരിലും മലപട്ടത്തും സഖാക്കൾ അഴിഞ്ഞാടുകയാണെന്നും ജനാധിപത്യത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയപാർട്ടിയുണ്ട് എന്നത് ലജ്ജകരമാണ്. ഗുണ്ടകളായ പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളില്ല.

ചോരത്തിളപ്പുള്ള കുട്ടികൾ ഞങ്ങൾക്കും ഉണ്ടെന്ന് സിപിഎം മറക്കണ്ട. എന്തുവിലകൊടുത്തും സിപിഎം ഭീഷണിയെ കോൺഗ്രസ് പ്രതിരോധിക്കും. സിപിഎമ്മിന്‍റെ ഗുണ്ടകൾ വീടുകൾ തോറും കയറി ഭയപ്പെടുത്തി പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് എന്നും സുധാകരൻ പറഞ്ഞു.

കൂടാതെ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ സിപിഎം പ്രവർത്തകർ റിട്ടേണിങ് ഓഫീസറുടെ മുന്നിൽ എത്തി നാമനിർദേശ പത്രിക പിന്‍വലിപ്പിക്കുകയാണ്. സിപിഎം ആക്രമണത്തെ ഭയന്ന് റിട്ടേണിങ് ഓഫീസർമാർ നാമനിർദേശ പത്രിക തള്ളുകയാണ്. ഇത് എന്ത് ജനാധിപത്യമാണ്? ഈ രീതിയുമായി മുന്നോട്ടുപോകാൻ സിപിഎം തീരുമാനിച്ചാൽ ഇതൊരു കലാപ ഭൂമിയായി മാറും.

ഞങ്ങളാരും മോശക്കാരല്ല, ഞങ്ങൾക്കും ഉണ്ട് ചോരത്തിളപ്പുള്ള കുട്ടികൾ അവരെ ഞങ്ങൾ ഇറക്കിയാല്‍ ഈ നാടിന്‍റെ ഗതിയെന്താവും? ഈ നാടിനോട് കൂറുണ്ടെങ്കില്‍, ജനാധിപത്യത്തോട് ബഹുമാനം ഉണ്ടെങ്കില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ഗുണ്ടകൾ ഇതുപോലെ ചെയ്യുമ്പോൾ അതിനെ നിയന്ത്രിക്കാൻ തന്‍റേടികളായ നേതാക്കളില്ലാത്ത, അപ്പനില്ലാത്ത പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ് എന്നും സുധാകരൻ പറഞ്ഞു.

കണ്ണൂരില്‍ നടക്കുന്നത് സിപിഎം കാടത്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സപിഎം ഭീഷണിപ്പെടുത്തുന്നതെന്നും സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുന്നു, യു.ഡി.എഫിന്‍റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ട്. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശൻ പറഞ്ഞു.

കൂടാതെ കണ്ണൂരിലേത് എതിര്‍ സ്ഥാനാര്‍ത്ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തമാണെന്നും സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എംവി ഗോവിന്ദനുമാണോ ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നത്? യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളാന്‍ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്നും വിഡി സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327607/local-body-election-k-sudhakaran-strongly-criticizes-cpm)