---
title: "കാഴ്ച പരിമിതരുടെ വനിതാ ടി20 ലോകപ്പില്‍ ഇന്ത്യക്ക് കിരീടം; ഫൈനലില്‍ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു"
english_title: "blind womens twenty20 world cup 2025 indian women won"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327487/blind-womens-twenty20-world-cup-2025-indian-women-won"
published_at: "2025-11-23T16:55:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922ef5abdafe_cricket.jpg"
keywords: []
---

# കാഴ്ച പരിമിതരുടെ വനിതാ ടി20 ലോകപ്പില്‍ ഇന്ത്യക്ക് കിരീടം; ഫൈനലില്‍ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

> **Lead Summary:** **( **[www.truevisionnews.com]** ) **ആദ്യ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പ് 2025ൽ മുത്തമിട്ട് ഇന്ത്യൻ വനിതാ ടീം. കൊളംബോയിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പ്രഥമ ബ്ലൈൻഡ് ട്വന്റി 20 വനിതാ ലോകകപ്പ് സ്വന്തമാക്കിയത്.

## Article Content

**( **[www.truevisionnews.com]** ) **ആദ്യ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പ് 2025ൽ മുത്തമിട്ട് ഇന്ത്യൻ വനിതാ ടീം. കൊളംബോയിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പ്രഥമ ബ്ലൈൻഡ് ട്വന്റി 20 വനിതാ ലോകകപ്പ് സ്വന്തമാക്കിയത്.

കൊളംബോയിലെ പി സാറ ഓവലിൽ നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി കിരീടം സ്വന്തമാക്കുകയായിരുന്നു. 44 റൺസുമായി പുറത്താകാതെ നിന്ന ഫൂല സാരനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

സെമിഫൈനലിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറ്റൊരു സെമിയിൽ പാകിസ്ഥാനായിരുന്നു നേപ്പാളിന്റെ എതിരാളികൾ. ആകെ ആറു ടീമുകളായിരുന്നു പ്രഥമ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പിൽ പങ്കെടുത്തത്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാ‍ഴ്ചവെച്ച താരമായിരുന്നു പാകിസ്ഥാന്റെ മെഹ്‌റീൻ അലി. ശ്രീലങ്കയ്‌ക്കെതിരെ 78 പന്തിൽ നിന്ന് 230 റൺസ് നേടിയതുൾപ്പെടെ 600-ലധികം റൺസാണ് ടൂർണമെന്റിൽ അവർ നേടിയത്.

**കാഴ്ചപരിമിതരുടെ മത്സരം എങ്ങനെ ?**

ഇന്ത്യയും ശ്രീലങ്കയുമാണ് കാഴ്ചപരിമിതരുടെ ആദ്യ വനിതാ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന ടെസ്റ്റ് വേദിയായ പി ശരവണമുത്തു സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടന്നത്. വെള്ള പ്ലാസ്റ്റിക് ബോള്‍ ഉപയോഗിച്ചാണ് കാഴ്ചപരിമിതരുടെ ക്രിക്കറ്റ് മത്സരം കളിക്കുന്നത്.

പന്തിനകത്ത് ചെറിയ മണികളുണ്ടാകും. പന്ത് ഉരുട്ടിയെറിയുമ്പോള്‍ ഈ മണികളുടെ കിലുക്കം കേട്ടാണ് ബാറ്റര്‍ പന്തടിക്കുന്നത്. പന്തെറിയുന്നതിന് മുമ്പ് ബൗളര്‍ ബാറ്ററോട് റെഡിയാണോ എന്ന് ഉറക്കെ വിളിച്ച് ചോദിക്കണം. ഇതിനുശേഷമാണ് അണ്ടര്‍ ആം ഉപയോഗിച്ച് ബൗളര്‍ പന്തെറിയുക.

സാധാരണ മത്സരങ്ങളിലേതുപോലെ ഓരോ ടീമിലും 11 പേര്‍ വീതമാണ് ഉണ്ടാകുക. ഇതില്‍ നാലുപേര്‍ പൂര്‍ണമായും കാഴ്ചയില്ലാത്തവരായിരിക്കണമെന്നാണ് നിബന്ധന. ഇവർ കണ്ണ് കെട്ടിയായിരിക്കും കളിക്കാനിറങ്ങുക. കൈയടിച്ചാണ് ഓരോ ഫീല്‍ഡറും അവരുടെ പൊസിഷന്‍ എവിടെയാണെന്ന് ക്യാപ്റ്റനെ അറിയിക്കുക.

പൂര്‍ണമായും കാഴ്ചയില്ലാത്തവരെ ബി 1 കളിക്കാരെന്നാണ് വിശേഷിപ്പിക്കുക. ഭാഗികമായി കാഴ്ചയുള്ള ടീമിലെ മറ്റ് ഏഴ് താരങ്ങളില്‍ രണ്ട് മീറ്റര്‍ കാഴ്ച പരിധിയുള്ളവരെ ബി2 കളിക്കാരെന്നും ആറ് മീറ്റര്‍ കാഴ്ചപരിധിയുള്ളവരെ ബി 3 കളിക്കാരെന്നും വിശേഷിപ്പിക്കും. ഇതില്‍ പൂര്‍ണമായും കാഴ്ചയില്ലാത്ത ബി1 കളിക്കാര്‍ നേടുന്ന ഓരോ റണ്ണും രണ്ട് റണ്ണായാണ് കണക്കാക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327487/blind-womens-twenty20-world-cup-2025-indian-women-won)