---
title: "കുറ്റിക്കാട്ടിൽ സംശയാസ്പദമായ പാക്കറ്റുകൾ....!  സ്‌കൂളിന് സമീപം വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി"
english_title: "Explosives found of Uttarakhand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327405/explosives-found-of-uttarakhand"
published_at: "2025-11-23T10:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692292c5b5396_blast.jpg"
keywords: []
---

# കുറ്റിക്കാട്ടിൽ സംശയാസ്പദമായ പാക്കറ്റുകൾ....!  സ്‌കൂളിന് സമീപം വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

> **Lead Summary:** ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്കൂളിന് സമീപത്തുനിന്ന് അതിതീവ്ര സ്ഫോടന ശേഷിയുള്ള ജെലാറ്റിൻ സ്റ്റിക്കുകളുടെ വൻ ശേഖരം കണ്ടെത്തി. സൾട്ട് മേഖലയിലെ ഒരു കുറ്റിക്കാട്ടിൽ നിന്ന് 20 കിലോയിലധികം ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയെന്നും സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെന്നും പോലീസ് അറിയിച്ചു.

## Article Content

ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്കൂളിന് സമീപത്തുനിന്ന് അതിതീവ്ര സ്ഫോടന ശേഷിയുള്ള ജെലാറ്റിൻ സ്റ്റിക്കുകളുടെ വൻ ശേഖരം കണ്ടെത്തി. സൾട്ട് മേഖലയിലെ ഒരു കുറ്റിക്കാട്ടിൽ നിന്ന് 20 കിലോയിലധികം ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയെന്നും സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെന്നും പോലീസ് അറിയിച്ചു.

ഇതോടെ അൽമോറ ജില്ലയിൽ പോലീസ് ജാഗ്രത ശക്തമാക്കി. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാണയിൽ നിന്ന് ഏകദേശം 3,000 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ദബാര ഗ്രാമത്തിലെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇവ കണ്ടെത്തിയത്.

പ്രിൻസിപ്പൽ സുഭാഷ് സിങ്ങാണ് കുറ്റിക്കാട്ടിൽ സംശയാസ്പദമായ പാക്കറ്റുകൾ ആദ്യം കണ്ടത്. തുടർന്ന് അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് പോലീസ് സംഘങ്ങൾ ഉടൻതന്നെ സ്കൂളിലെത്തി പ്രദേശം വളഞ്ഞു.

ഉദംസിങ് നഗർ, നൈനിറ്റാൾ ജില്ലകളിൽ നിന്ന് ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചു. ഡോഗ് സ്ക്വാഡ് നടത്തിയ വിശദമായ പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്ന് ജെലാറ്റിൻ സ്റ്റിക്കുകളുടെ ഏതാനും പാക്കറ്റുകൾ കണ്ടെത്തി.

ഏകദേശം 20 അടി അകലെ നിന്ന് കൂടുതൽ പാക്കറ്റുകളും കണ്ടെത്തി. ബോംബ് സ്ക്വാഡ് പാക്കറ്റുകൾ ശേഖരിച്ച് സീൽ ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327405/explosives-found-of-uttarakhand)