---
title: "പെട്ടല്ലോ ല്ലേ...? വയനാട്ടിൽ ടൂറിസ്റ്റ് ബസില്‍ എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് യുവാക്കളെ പൊക്കി പൊലീസ്"
english_title: "Attempt to smuggle MDMA, found on tourist bus in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327367/attempt-to-smuggle-mdma-found-on-tourist-bus-in-wayanad"
published_at: "2025-11-22T21:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921e44d063ef_mdma.jpg"
keywords: []
---

# പെട്ടല്ലോ ല്ലേ...? വയനാട്ടിൽ ടൂറിസ്റ്റ് ബസില്‍ എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് യുവാക്കളെ പൊക്കി പൊലീസ്

> **Lead Summary:** **വയനാട്: **വയനാട്ടിൽ ടൂറിസ്റ്റ് ബസില്‍ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാക്കളെ പൊക്കി പൊലീസ്. മലപ്പുറം സ്വദേശികളായ ഏറനാട് പറമ്പില്‍ത്തൊടി വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്, മൊറയൂര്‍ ഉണ്ണിയേരിക്കുന്ന് വീട്ടില്‍ റബീല്‍ നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**വയനാട്: **വയനാട്ടിൽ ടൂറിസ്റ്റ് ബസില്‍ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാക്കളെ പൊക്കി പൊലീസ്. മലപ്പുറം സ്വദേശികളായ ഏറനാട് പറമ്പില്‍ത്തൊടി വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്, മൊറയൂര്‍ ഉണ്ണിയേരിക്കുന്ന് വീട്ടില്‍ റബീല്‍ നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികളുടെ കയ്യിൽ നിന്ന് 245 ഗ്രാം എം.ഡി.എം.എയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല ലഹരി വിരുദ്ധ സേനയും, മാനന്തവാടി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ മാനന്തവാടിക്കടുത്ത ചെറ്റപ്പാലത്ത് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയത്.

ബെംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് സ്ലീപ്പര്‍ ബസിലെ യാത്രക്കാരായിരുന്നു യുവാക്കള്‍. ഇരുവരും കയ്യില്‍ കരുതിയ ബാഗുകളില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

ഒന്നാം പ്രതിയായ സല്‍മാനുല്‍ ഫാരിസിനെതിരെ കൊണ്ടോട്ടി സ്റ്റേഷനില്‍ രണ്ട് എന്‍.ഡി.പി.എസ്് കേസുകളും വാഴക്കാട്, ബേപ്പൂര്‍ സ്റ്റേഷനുകളില്‍ മോട്ടോര്‍ വാഹന കേസുകളും നിലവിലുണ്ട്. റബീല്‍ നിയാസിനെതിരെ മഞ്ചേരി, പന്തീരാങ്കാവ് സ്റ്റേഷനുകളില്‍ ലഹരി കേസുകളുണ്ട്.

ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ എസ്.ഐ ജിതിന്‍ കുമാര്‍, ജൂനിയര്‍ എസ്.ഐമാരായ കെ. സിന്‍ഷ, മുര്‍ഷിദ്, എ എസ് ഐ റോയ്‌സണ്‍ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഎസ്.സി.പി.ഒ സെല്‍വന്‍, സി.പി.ഒമാരായ കെ.വി. രഞ്ജിത്ത്, സനൂപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327367/attempt-to-smuggle-mdma-found-on-tourist-bus-in-wayanad)