---
title: "കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി? മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ; കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "Murder in Thevara Konthuruthy, body of young woman found in sack, accused George"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327247/murder-thevara-konthuruthy-body-young-woman-sack-accused-george"
published_at: "2025-11-22T11:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921514727bae_kochi.jpg"
keywords: []
---

# കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി? മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ; കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **കൊച്ചി: ** കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് ജോർജിൻ്റെ മൊഴി.

## Article Content

**കൊച്ചി: ** കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് ജോർജിൻ്റെ മൊഴി.

കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ജോർജ് പൊലീസിന് മൊഴി നല്‍കി.

വീട്ടിൽ വന്നതിനുശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായി. ഈ തർക്കത്തിനൊടുവിൽ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നുവെന്നും ജോർജ് പൊലീസിനോട് പറഞ്ഞത്.

തേവര കോന്തുരുത്തിയിൽ ജോര്‍ജിന്‍റെ വീട്ടിലേക്കുള്ള വഴിയിലാണ് ഇന്ന് രാവിലെ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണതൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് ജോർജ് ഇരിക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടക്കുകയുമായിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചു. ഇയാളുർെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വീടിനുള്ളിൽ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

മൃതദേഹം കണ്ടെത്തിയ സ്ഥലമുടമ ജോര്‍ജ് ചാക്ക് ചോദിച്ച് പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. പട്ടിയെ മൂടാന്‍ എന്ന് പറഞ്ഞാണ് ജോര്‍ജ് ചാക്ക് ചോദിച്ച് എത്തിയത്.

രാത്രിയില്‍ ജോര്‍ജിന്‍റെ വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നു എന്ന് ജോര്‍ജിന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയും വെളിപ്പെടുത്തി. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതി‍ഞ്ഞനിലയിലായിരുന്നു മൃതദേഹം.

മരിച്ച സ്ത്രീയുടെ ഫോട്ടോ പൊലീസ് അയല്‍വാസികളെ കാണിച്ചുവെങ്കിലും ആരും തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നുവെന്നും തലമുതല്‍ അരവരെയും പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലും ശേഷം ഭാഗം നഗ്നമായ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഹരിത കര്‍മ സേനാംഗം വെളിപ്പെടുത്തി. താനൊന്നും ചെയ്തിട്ടില്ലെന്നും ഇതെങ്ങനെ ഇവിടെ എത്തിയെന്ന് അറിയില്ലെന്നുമാണ് ജോര്‍ജ് പറഞ്ഞതെന്നും ഹരിത കര്‍മ സേനാംഗങ്ങള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327247/murder-thevara-konthuruthy-body-young-woman-sack-accused-george)