---
title: "'ഞാൻ മടുത്തു, പ്രിയപ്പെട്ട ഭാര്യയും മകനും ക്ഷമിക്കണം, എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല'; ആത്മഹത്യ ചെയ്‌ത്‌ ബിഎൽഒ  "
english_title: "BLO commits suicide, SIR causes suicide again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327137/blo-commits-suicide-sir-causes-suicide-again"
published_at: "2025-11-21T16:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69204060555c0_suicide.jpg"
keywords: []
---

# 'ഞാൻ മടുത്തു, പ്രിയപ്പെട്ട ഭാര്യയും മകനും ക്ഷമിക്കണം, എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല'; ആത്മഹത്യ ചെയ്‌ത്‌ ബിഎൽഒ  

> **Lead Summary:** **അഹമ്മദാബാദ്: **വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ മൂലം വീണ്ടും ജീവൻ പൊലിഞ്ഞു. അമിത ജോലിഭാരത്തെ തുടർന്ന് ​ഗുജറാത്തിലെ ​ഗിർ സോമനാഥ് ജില്ലയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു.

## Article Content

**അഹമ്മദാബാദ്: **വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ മൂലം വീണ്ടും ജീവൻ പൊലിഞ്ഞു. അമിത ജോലിഭാരത്തെ തുടർന്ന് ​ഗുജറാത്തിലെ ​ഗിർ സോമനാഥ് ജില്ലയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു.

കോഡിനാർ താലൂക്കിലെ ഛാര ​ഗ്രാമത്തിലെ ബിഎൽഒ ആയ അധ്യാപകൻ അരവിന്ദ് വധെർ (40) ആണ് മരിച്ചത്. ഇതോടെ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് തുടർന്ന് രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി.

എസ്ഐആറിന്റെ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 'എനിക്ക് ഈ എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല. ഞാൻ മടുത്തു.

കുറച്ചുദിവസമായി ഞാനേറെ ക്ഷീണിതനും അസ്വസ്ഥനുമാണ്. പ്രിയപ്പെട്ട ഭാര്യ, മകൻ ക്രിഷയ്, ക്ഷമിക്കണം'- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ. ഔദ്യോഗിക രേഖകൾ അടങ്ങിയ തന്റെ ബാഗ് സ്കൂളിൽ സമർപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ബിഎൽഒയുടെ മരണം ഗുജറാത്തിലെ വിദ്യാഭ്യാസ യൂണിയനുകൾക്കിടയിൽ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. എസ്‌ഐആർ ഓൺലൈൻ പ്രക്രിയ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്‌, തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. രാജ്യത്തുടനീളം എസ്‌ഐആർ ജോലിസമ്മർദവുമായി ബന്ധപ്പെട്ട മരണങ്ങൾക്കും ആത്മഹത്യാ ശ്രമങ്ങൾക്കുമിടെയാണ് പുതിയ സംഭവം.

ഗുജറാത്തിലെ ഖേഡ ജില്ലയിൽ, 50കാരനായ ബിഎൽഒ രമേശ്ഭായ് പർമർ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. എസ്‌ഐആർ ജോലിയിലെ അമിത സമ്മർദമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ബുധനാഴ്ച രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലും എസ്‌ഐആർ ജോലിക്കിടെ ബിഎൽഒ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

ഹരിറാം എന്ന ഹരിഓം ബർവ (34) ആണ് തഹസിൽദാറുടെ ഫോൺകോൾ വന്ന് മിനിറ്റുകൾക്കുള്ളിൽ മരിച്ചത്. സേവ്തി ഖുർദ് സർക്കാർ സ്‌കൂളിലെ ഗ്രേഡ്-3 അധ്യാപകനായ ഹരിറാം തഹസിൽദാറുടെ ഫോൺകോൾ വന്നതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327137/blo-commits-suicide-sir-causes-suicide-again)