---
title: "'കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചു'; യുവമോര്‍ച്ച നേതാവിന്റെ ക്രൂരത മാധ്യമങ്ങളോട് പറഞ്ഞ് യുവതി "
english_title: "yuvamorcha ernakulam district general secretary Death threat woman complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327128/yuvamorcha-ernakulam-district-general-secretary-death-threat-woman-complaint"
published_at: "2025-11-21T15:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69203d68a74e8_yuvamorcha.jpg"
keywords: []
---

# 'കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചു'; യുവമോര്‍ച്ച നേതാവിന്റെ ക്രൂരത മാധ്യമങ്ങളോട് പറഞ്ഞ് യുവതി 

> **Lead Summary:** **കൊച്ചി: **യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ​ഗോപു പരമശിവനെതിരെ പങ്കാളിയായ യുവതി. ഗോപു നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു.

## Article Content

**കൊച്ചി: **യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ​ഗോപു പരമശിവനെതിരെ പങ്കാളിയായ യുവതി. ഗോപു നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു.

വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോവുമ്പോഴാണ് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. പങ്കാളിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ​ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈൽ ചാർജർ ഉപയോ​ഗിച്ചായിരുന്നു മർദ്ദനം. ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. അതിക്രൂരമായ രീതിയിലാണ് പെൺകുട്ടിയെ മർദ്ദിച്ചിരിക്കുന്നത്. യുവതി തുടരെത്തുടരെ മര്‍ദ്ദനത്തിനിരയായിരുന്നു എന്ന് ശരീരത്തിലെ പാടുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവമോര്‍ച്ചയുടെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയാണ് ഗോപു പരമശിവൻ. ഇവര്‍ 5 വര്‍ഷമായിട്ട് ഒന്നിച്ചാണ് താമസം. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവൻ മരട് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.

പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി ഇന്നലെ രാത്രി തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് രാവിലെയാണ് ഇവര്‍ സ്റ്റേഷനിൽ എത്തുന്നത്. കഴിഞ്ഞ 5 വര്‍ഷമായി അതിക്രൂരമര്‍ദ്ദനമാണ് ഗോപുവിൽ നിന്ന് നേരിടുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ: പുറത്ത് പോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടും. തിരികെ വീട്ടിലെത്തിയാൽ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കും. മൊബൈൽ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കുന്നതാണ് രീതി.

യുവതിയുടെ ദേഹം മുഴുവൻ രക്തം കട്ട പിടിച്ച പാടുകളുണ്ട്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പെണ്‍കുട്ടി വിവാഹമോചിതയാണ്. ആദ്യവിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327128/yuvamorcha-ernakulam-district-general-secretary-death-threat-woman-complaint)