---
title: "‘ആഹാരം കഴിക്കാനോ ഉറങ്ങാനോ പറ്റുന്നില്ല’, ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; നിസഹായാവസ്ഥ വിവരിക്കുന്ന തിരുമല അനിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത്"
english_title: "phone call record of bjp leader thirumala anil before committing suicide is out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327118/phone-call-record-of-bjp-leader-thirumala-anil-before-committing-suicide-is-out"
published_at: "2025-11-21T14:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69202eaa0aa2d_WhatsApp_Image_2025-11-21_at_2.49.19_PM.jpeg"
keywords: []
---

# ‘ആഹാരം കഴിക്കാനോ ഉറങ്ങാനോ പറ്റുന്നില്ല’, ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; നിസഹായാവസ്ഥ വിവരിക്കുന്ന തിരുമല അനിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **തിരുവനന്തപുരത്ത് ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ മകളോട് പൊലീസിനെ സമീപിക്കാനാണ് അനില്‍ നിര്‍ദേശിക്കുന്നത്. ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ലെന്നും നിസഹായനായി തിരുമല അനില്‍ പറയുന്നു.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **തിരുവനന്തപുരത്ത് ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ മകളോട് പൊലീസിനെ സമീപിക്കാനാണ് അനില്‍ നിര്‍ദേശിക്കുന്നത്. ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ലെന്നും നിസഹായനായി തിരുമല അനില്‍ പറയുന്നു.

സമ്മര്‍ദത്തിനിടയിലും, നിക്ഷേപകന് അനില്‍ ചികിത്സാസഹായം വാഗ്ദാനം ചെയ്യുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്. ഓഡിയോ സംഭാഷണത്തില്‍ അനിലിന്റെ ദയനീയാവസ്ഥ വിവരിക്കപ്പെടുന്നുണ്ട്. ആഹാരം കഴിക്കാനോ ഉറങ്ങാനോ ആവുന്നില്ല. താന്‍ പകുതിയായി മാറി. വീട്ടില്‍ എല്ലാവരും ദുഃഖിതര്‍ ആണെന്നും അനില്‍ പറയുന്നു. മക്കളെ ഒരു നിലയിലും ആക്കാനായില്ലെന്നും അനില്‍ കൂട്ടിച്ചേര്‍ക്കുന്നു.

സമ്മര്‍ദത്തിനിടയിലും നിക്ഷേപകന് താന്‍ മരുന്നും മറ്റ് ആവശ്യങ്ങള്‍ക്കും സഹായിക്കാം എന്നും അനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അനിലിന്റെ നിര്‍ദേശം അനുസരിച്ചാണ് നിക്ഷേപകന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം പൊലീസ് ഭീഷണിയാണ് അനില്‍ ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം.

'ഞാന്‍ ഇന്ന് പൈസ അടയ്ക്കാമെന്ന് പറയുന്ന കുറേ പേരുടെ വീടുകളിൽ പോയിട്ട് വന്നതാണ്. ബോര്‍ഡ് അംഗങ്ങളെ എല്ലാം ഞാന്‍ വിളിച്ചു. പക്ഷെ ആരും വന്നില്ല. അമ്മയെകൊണ്ട് സിഐയെ വിളിപ്പിക്കണം. എന്നെ അവിടുന്ന് ഒന്ന് വിളിപ്പിക്കട്ടെ. മാനസികമായി വല്ലാത്ത ഒരു സ്‌റ്റേജില്‍ ആയിപ്പോയി. ഒന്നും കഴിച്ചിട്ടില്ല.

ഓണം കഴിഞ്ഞതോടെ ഒരു തിരിച്ചടവും വരാതായി. എന്റെ ശരീരം ഒക്കെ പകുതിയായി. മക്കളും ഒന്നും എങ്ങും എത്തിയില്ല. ചെറിയ കുട്ടികളല്ലേ. മോള്‍ എന്തായാലും നാളെ രാവിലെ അമ്മയെക്കൊണ്ട് സിഐയെ വിളിപ്പിക്കണം,' തിരുമല അനില്‍ പറയുന്നു.

ചേട്ടന്‍ വിഷമിക്കേണ്ടെന്നും, ഒറ്റയ്ക്ക് ടെന്‍ഷന്‍ എടുത്ത് തലയില്‍ വയ്‌ക്കേണ്ടതില്ലെന്നും നിക്ഷേപകന്റെ മകള്‍ അനിലിനോട് പറയുന്നുണ്ട്. ചേട്ടന്‍ അല്ലല്ലോ പണം എടുത്ത് മറിച്ചത്. ഒറ്റയ്ക്ക് ഇതില്‍ ഒന്നും കൈകാര്യം ചെയ്യാനും സാധിക്കില്ലെന്നും യുവതി തിരുമല അനിലിനോട് പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.

പുറകില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ട് പോലും അനിലിന്റെ മുഖം ഓര്‍ത്ത് മാത്രമാണ് തുടക്കത്തില്‍ പരാതിയുമായി പൊലീസിനെ സമീപിക്കാതിരുന്നതെന്നും യുവതി പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327118/phone-call-record-of-bjp-leader-thirumala-anil-before-committing-suicide-is-out)