---
title: "വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടെന്ന് ആക്ഷേപം; സത്യവാങ്മൂലം എഴുതിവാങ്ങി"
english_title: "AryaRajendran's office intervenes in Vaishna's vote-rigging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327059/aryarajendrans-office-intervenes-in-vaishnas-vote-rigging-new"
published_at: "2025-11-21T11:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6920005dd9ae8_vyshnasuresh.jpg"
keywords: []
---

# വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടെന്ന് ആക്ഷേപം; സത്യവാങ്മൂലം എഴുതിവാങ്ങി

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടെന്ന് ആക്ഷേപം.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടെന്ന് ആക്ഷേപം.

വൈഷ്ണയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി താമസക്കാരില്‍ നിന്നും രേഖകള്‍ എഴുതി വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

കോര്‍പ്പറേഷനിലെ പ്രൊജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവാണ് പുറത്തുവന്നത്. തങ്ങളാണ് ഈ വീട്ടില്‍ രണ്ട് വര്‍ഷമായി താമസിക്കുന്നതെന്നും മറ്റാരും താമസിക്കുന്നില്ലെന്നുമുള്ള സത്യവാങ്മൂലമാണ് നിലവിലെ താമസക്കാരില്‍ നിന്നും എഴുതിവാങ്ങിയത്.

അന്തിമവോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള ടി സി നമ്പറില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടര്‍പ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് സിപിഐഎം ബ്രാഞ്ച് അംഗം ധനേഷ് കുമാര്‍ നല്‍കിയിരുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് ജി എം കാര്‍ത്തിക നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ മേയര്‍ ആര്യാ രാജേന്ദ്രനാണെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന്‍ ആരോപിച്ചിരുന്നു. മേയര്‍ മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതുന്നില്ലെന്നും വോട്ട് വെട്ടിയതിന് പിന്നില്‍ പല ആളുകളുമുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ ആരോപണം. വൈഷ്ണയുടെ വോട്ട് നീക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327059/aryarajendrans-office-intervenes-in-vaishnas-vote-rigging-new)