---
title: "'മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്'; വാഴത്തോപ്പ് സ്കൂൾ ബസ് അപകടം; സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ബന്ധു"
english_title: "Vazhathope school bus accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326851/vazhathope-school-bus-accident-new"
published_at: "2025-11-20T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ea441e0818_student_death.jpg"
keywords: []
---

# 'മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്'; വാഴത്തോപ്പ് സ്കൂൾ ബസ് അപകടം; സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ബന്ധു

> **Lead Summary:** **ഇടുക്കി: ** മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്. സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു.

## Article Content

**ഇടുക്കി: ** മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്. സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു.

സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഷിബു ആരോപിക്കുന്നു. ഡ്രൈവർക്കെതിരെ കേസെടുത്തതുകൊണ്ട് മാത്രം കാര്യമില്ല. ആയമാർ കുട്ടികളെ കൃത്യമായി ക്ലാസിൽ എത്തിക്കേണ്ടതായിരുന്നു.

മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും ബന്ധു ചൂണ്ടിക്കാട്ടി. ഹെയ്സലിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് നടക്കും.

സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

തടിയമ്പാട് പറപ്പള്ളില്‍ ബെൻ ജോണ്‍സന്‍റെ മകൾ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ ഇടുക്കി മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം ക്ലാസ് മുറിയിലേക്ക് കുട്ടികൾ വഴി തെറ്റിച്ചോടിയതാണ് അപകടകാരണമെന്നും സ്കൂൾ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് രണ്ട് അദ്ധ്യാപകരും ആയമാരും ഉണ്ടായിരുന്നുവെന്നും അപകടത്തിന്റെ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം ഹെയ്‌സലും ഇനയയും ബസിന്റെ പുറകിലൂടെ ക്ലാസിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയമെത്തിയ മ​റ്റൊരു ബസ് കുട്ടികളെ ഇടിക്കുകയായിരുന്നു. ബസ് ഹെയ്‌സലിന്റെ ശരീരത്തിൽ കൂടി കയറി ഇറങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326851/vazhathope-school-bus-accident-new)