---
title: "  ബിജെപി സ്ഥാനാര്‍ഥിയുടെ വീട്  തീവെച്ചുനശിപ്പിക്കാൻ ശ്രമം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം, പോലീസിൽ പരാതി നൽകി"
english_title: "BJP candidate's house set on fire, attempt to destroy it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326826/bjp-candidates-house-set-on-fire-attempt-to-destroy-it-NEW"
published_at: "2025-11-20T08:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e83d35bafe_FIRE.jpg"
keywords: []
---

#   ബിജെപി സ്ഥാനാര്‍ഥിയുടെ വീട്  തീവെച്ചുനശിപ്പിക്കാൻ ശ്രമം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം, പോലീസിൽ പരാതി നൽകി

> **Lead Summary:** **തിരുവനന്തപുരം : ** ബിജെപി സ്ഥാനാർഥിയുടെ വീട് പുലർച്ചെ തീവെച്ചുനശിപ്പിക്കാൻ ശ്രമം. ചിറയിൻകീഴ് പുതുക്കരിയിലാണ് സംഭവം . ചിറയിൻകീഴ് പഞ്ചായത്തിലെ പതിനേഴാം വാർഡായ പണ്ടകശാലയിലെ ബിജെപി സ്ഥാനാർഥി പുതുക്കരി വയലിൽ വീട്ടിൽ ടിന്റു വി. വിജയന്റെ വീടിന്റെ ജനാലയും വാതിലുമാണ് അജ്ഞാതരായ അക്രമികൾ തീവെച്ചത്.

## Article Content

**തിരുവനന്തപുരം : ** ബിജെപി സ്ഥാനാർഥിയുടെ വീട് പുലർച്ചെ തീവെച്ചുനശിപ്പിക്കാൻ ശ്രമം. ചിറയിൻകീഴ് പുതുക്കരിയിലാണ് സംഭവം . ചിറയിൻകീഴ് പഞ്ചായത്തിലെ പതിനേഴാം വാർഡായ പണ്ടകശാലയിലെ ബിജെപി സ്ഥാനാർഥി പുതുക്കരി വയലിൽ വീട്ടിൽ ടിന്റു വി. വിജയന്റെ വീടിന്റെ ജനാലയും വാതിലുമാണ് അജ്ഞാതരായ അക്രമികൾ തീവെച്ചത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക ബുധനാഴ്ച രാവിലെ സമർപ്പിക്കാനിരിക്കെയാണ് സംഭവം. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് രണ്ടുപേർ ഹെൽമറ്റും മഴക്കോട്ടും ധരിച്ചെത്തി ജനാലയിലും വാതിലിലും മണ്ണെണ്ണയൊഴിച്ച് തീവെച്ചത്.

വീടിന്റെ പിൻഭാഗത്തെ വഴിയിലൂടെയെത്തി വീടിന് പുറകുവശത്ത് തീ പിടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ നിരീക്ഷണ ക്യാമറയിൽനിന്നു ലഭിച്ചു. ഈ സമയം ടിന്റു, അമ്മ ഗിരിജ, അച്ഛൻ വിജയൻ, പന്ത്രണ്ടും അഞ്ചും വയസ്സുള്ള മക്കൾ എന്നിവർ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

രാവിലെ അഞ്ചുമണിയോടെ ഗിരിജ ഉണർന്ന് വാതിൽ തുറന്നപ്പോഴാണ് തീവെച്ചകാര്യം അറിയുന്നത്. നിരീക്ഷണ ക്യാമറ പരിശോധിച്ച് സംഭവം സ്ഥിരീകരിച്ചശേഷം അയൽവാസികളേയും ബിജെപി പ്രവർത്തകരേയും അറിയിച്ചു. ചിറയിൻകീഴ് പോലീസിൽ പരാതി നൽകി.

അക്രമികൾ കൊണ്ടുവന്ന മണ്ണെണ്ണക്കുപ്പി സമീപത്തുനിന്നു പോലീസ് കണ്ടെടുത്തു. രാഷ്ട്രീയ വൈരാഗ്യമാണോ മറ്റ് പ്രശ്‌നങ്ങളാണോ അക്രമത്തിന് കാരണമെന്നതു പരിശോധിക്കുകയാണെന്ന് ചിറയിൻകീഴ് പോലീസ് പറഞ്ഞു. ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്നും സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നതായും ടിന്റു വി. വിജയൻ പറഞ്ഞു. സ്ഥാനാർഥിയുടെ വീടിനു പോലീസ് കാവലേർപ്പെടുത്തി.

പണ്ടകശാല വാർഡിലെ ബിജെപി സ്ഥാനാർഥി ടിന്റു വി. വിജയന്റെ വീടിനുനേരേ സിപിഎമ്മാണ് ആക്രമണം നടത്തിയതെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ. റജികുമാർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326826/bjp-candidates-house-set-on-fire-attempt-to-destroy-it-NEW)