---
title: "Delhi RedFort Blast: 'ഇത് രക്തസാക്ഷിത്വം'; ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഉമർ നബി; സ്ഫോടനത്തിന്  മുൻപ് ചിത്രീകരിച്ച വീഡിയോ പുറത്ത്"
english_title: "Delhi RedFort Blast Video of Umarnabi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326473/delhi-redfort-blast-video-of-umarnabi"
published_at: "2025-11-18T10:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c029131c56_umarnabi.jpg"
keywords: []
---

# Delhi RedFort Blast: 'ഇത് രക്തസാക്ഷിത്വം'; ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഉമർ നബി; സ്ഫോടനത്തിന്  മുൻപ് ചിത്രീകരിച്ച വീഡിയോ പുറത്ത്

> **Lead Summary:** **Delhi RedFort Blast: ന്യൂഡല്‍ഹി: ** ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമറിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ചാവേറാക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന ഡോ. ഉമറിന്റെ വീഡിയോയാണ് ചൊവ്വാഴ്ച പുറത്തുവന്നത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാര്‍ഥത്തില്‍ ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.

## Article Content

**Delhi RedFort Blast: ന്യൂഡല്‍ഹി: ** ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമറിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ചാവേറാക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന ഡോ. ഉമറിന്റെ വീഡിയോയാണ് ചൊവ്വാഴ്ച പുറത്തുവന്നത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാര്‍ഥത്തില്‍ ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.

ചെങ്കോട്ട ഭീകരാക്രമണത്തിന് മുന്‍പ് ഉമര്‍ ചിത്രീകരിച്ച വീഡിയോയാണിത്. ചെങ്കോട്ടയില്‍ ആക്രമണം നടത്തിയ ഇയാള്‍, നേരത്തേ തന്നെ ചാവേറാകാനുള്ള മാനസികാവസ്ഥയിലായിരുന്നുവെന്നാണ് ഈ വീഡിയോയില്‍നിന്ന് വ്യക്തമാകുന്നത്. വീഡിയോയിലുടനീളം ചാവേറാക്രമണങ്ങളെ ന്യായീകരിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്.

***‘ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത്’’ ***– ഉമർ നബി അവകാശപ്പെടുന്നു.

ചാവേര്‍ ആക്രമണത്തെക്കുറിച്ച് ഒട്ടേറെ വാദങ്ങളും വൈരുദ്ധ്യങ്ങളുമുണ്ടെന്ന് ഡോ. ഉമര്‍ വീഡിയോയില്‍ പറയുന്നു. ഒരു പ്രത്യേകസ്ഥലത്തുവെച്ച് ഒരു പ്രത്യേകസമയത്ത് താന്‍ മരിക്കുമെന്ന് കരുതി ഒരുവ്യക്തി മരിക്കാന്‍ പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്നാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.

'വൈറ്റ് കോളര്‍' ഭീകരവാദ മൊഡ്യൂളിലെ പ്രധാന കണ്ണിയായ ഡോ. ഉമര്‍, കൂടുതല്‍പേരെ തീവ്രവാദശൃംഖലയിലേക്ക് ആകര്‍ഷിക്കാനും ഇവരെ ബ്രെയിന്‍വാഷ് ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

അതേ സമയം, ഉമര്‍ ഒരു ‘ഷൂ ബോംബര്‍’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉമർ സ്ഫോടനം നടത്താൻ ഉപയോഗിച്ച കാറില്‍നിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് ഇക്കാര്യം വിരൽചൂണ്ടുന്നത്.

വാഹനത്തിന്റെ വലതുവശത്തെ മുന്‍ ടയറിനടുത്തുള്ള ഡ്രൈവിങ് സീറ്റിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഷൂ കണ്ടെടുത്തത്. അതിനുള്ളില്‍നിന്ന് ലോഹം പോലെയുള്ള ഒരു വസ്തു കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് ഈ വസ്തുവാണെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.

അതിതീവ്ര സ്‌ഫോടനശേഷിയുള്ള, ‘മദര്‍ ഓഫ് സാത്താന്‍’ എന്ന് വിളിക്കപ്പെടുന്ന ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡ്‌ (ടിഎടിപി) എന്ന സ്‌ഫോടകവസ്തുവിന്റെ അംശം കാറിന്റെ ടയറിലും ഷൂവിലും കണ്ടെത്തിയിട്ടുണ്ട്.

ജയ്‌ഷെ ഭീകരര്‍ ഗണ്യമായ വലിയ ആക്രമണങ്ങൾക്കായി ഇത് ഉപയോഗിക്കാറുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡും അമോണിയം നൈട്രേറ്റും ചേര്‍ന്ന മിശ്രിതമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326473/delhi-redfort-blast-video-of-umarnabi)