---
title: "സൂക്ഷിച്ചില്ലെങ്കിൽ മരിച്ചുപോകും; കേരളത്തിൽ ഗർഭാശയഗളാർബുദ ഭീഷണി ഉയരുന്നു"
english_title: "Cervical cancer, 7.9 percent of women"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326328/cervical-cancer-79-percent-of-women"
published_at: "2025-11-17T12:31:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ac8c958413_vayar.jpg"
keywords: []
---

# സൂക്ഷിച്ചില്ലെങ്കിൽ മരിച്ചുപോകും; കേരളത്തിൽ ഗർഭാശയഗളാർബുദ ഭീഷണി ഉയരുന്നു

> **Lead Summary:** **[** സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന കാൻസറുകളിൽ പ്രധാനമാണ് ഗർഭാശയഗളാർബുദം അഥവാ സെർവിക്കൽ കാൻസർ. ഹ്യൂമൻ പാപ്പിലോമാ വൈറസ് (എച്പിവി) ബാധയാണ് ഈ രോഗത്തിന് പിന്നിലെ പ്രധാന ഘടകം.

## Article Content

**[** സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന കാൻസറുകളിൽ പ്രധാനമാണ് ഗർഭാശയഗളാർബുദം അഥവാ സെർവിക്കൽ കാൻസർ. ഹ്യൂമൻ പാപ്പിലോമാ വൈറസ് (എച്പിവി) ബാധയാണ് ഈ രോഗത്തിന് പിന്നിലെ പ്രധാന ഘടകം.

പഠനങ്ങൾ പ്രകാരം, കേരളത്തിലെ സ്ത്രീകളിൽ 7.9 ശതമാനത്തോളം പേർക്ക് ഗർഭാശയഗളാർബുദം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, രോഗം നേരത്തെ കണ്ടെത്തുമ്പോൾ അതിനെ എളുപ്പത്തിൽ ചികിത്സിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

സംസ്ഥാനത്തെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കാൻസർ സ്ക്രീനിംഗ് നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി എല്ലാവരും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി പരിശോധന നടത്തണമെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

സ്തനാർബുദവും തൈറോയ്ഡ് കാൻസറും കഴിഞ്ഞാൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന കാൻസറാണ് ഗർഭാശയഗളാർബുദം. എന്നാൽ മരണനിരക്ക് പരിഗണിക്കുമ്പോൾ ഇത് കൂടുതൽ ഗുരുതരമായി മാറുന്ന രോഗവുമാണ്.

പരിശോധനയിൽ വീഴ്ച വരുത്തുന്നതും സ്ക്രീനിംഗ് ക്യാമ്പുകളിലേക്ക് സ്ത്രീകൾ എത്തുന്നതിലുള്ള മടിയുമാണ് രോഗം ഗുരുതര ഘട്ടത്തിൽ തിരിച്ചറിയപ്പെടാൻ പ്രധാന കാരണം. ഈ സാഹചര്യം മാറ്റാൻ സംസ്ഥാന ആരോഗ്യവകുപ്പ് ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ എന്ന ക്യാമ്പയിൻ നടപ്പിലാക്കി വരുന്നു.

2024 ഫെബ്രുവരി 4-ന് ആരംഭിച്ച ഈ പരിപാടിയിൽ ഇതുവരെ 20 ലക്ഷത്തിലധികം പേർ പങ്കെടുത്തിട്ടുണ്ട്. ഇവരിൽ 30,000-ത്തിലധികം പേരെ ഗർഭാശയഗളാർബുദ സംശയത്തെ തുടർന്ന് തുടർ പരിശോധനയ്ക്ക് വിളിപ്പിച്ചു. 84 പേർക്ക് കാൻസർ സ്ഥിരീകരിക്കുകയും 243 പേർക്ക് പ്രി-കാൻസർ ലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തു.

പ്രി-കാൻസർ ഘട്ടത്തിൽ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് ഭാവിയിൽ കാൻസർ സംഭവിക്കുന്നത് തന്നെ തടയാൻ സഹായിക്കും. രോഗനിർമാർജനത്തിന് ഏറ്റവും ഫലപ്രദമായ മാർഗമാണ് വാക്സിനേഷൻ. കൗമാരക്കാരിയായ പെൺകുട്ടികൾക്കാണ് ഈ എച്പിവി വാക്സിൻ ഏറ്റവും അനുയോജ്യമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്കായി സെർ‌വിക്കൽ കാൻസർ പ്രതിരോധ വാക്സിനേഷൻ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഗർഭാശയഗളാർബുദം പൂർണ്ണമായി ഇല്ലാതാക്കാനുള്ള ലക്ഷ്യത്തിലെത്താൻ ഈ പദ്ധതി നിർണായകമായ മുന്നേറ്റമാണെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326328/cervical-cancer-79-percent-of-women)