---
title: "'ആനന്ദിന്റെ ആത്മഹത്യ മാനസിക വിഭ്രാന്തിയെ തുടര്‍ന്ന്, സീറ്റ് കിട്ടാത്തതിനാണേൽ 12 തവണ ഞാൻ ആത്മഹത്യ ചെയ്യണം' -ബി ഗോപാലകൃഷ്ണൻ"
english_title: "RSS activist Anand B Thampi commits suicide, BJP leader B Gopalakrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326168/rss-activist-anand-b-thampi-commits-suicide-bjp-leader-b-gopalakrishnan"
published_at: "2025-11-16T11:29:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691969095dbae_b_unnikrishnan.jpg"
keywords: []
---

# 'ആനന്ദിന്റെ ആത്മഹത്യ മാനസിക വിഭ്രാന്തിയെ തുടര്‍ന്ന്, സീറ്റ് കിട്ടാത്തതിനാണേൽ 12 തവണ ഞാൻ ആത്മഹത്യ ചെയ്യണം' -ബി ഗോപാലകൃഷ്ണൻ

> **Lead Summary:** **കോഴിക്കോട്: ** തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകൻ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

## Article Content

**കോഴിക്കോട്: ** തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകൻ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യണമെങ്കിൽ താൻ 12പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ആനന്ദ് ബി തമ്പിയുടെ ആത്മഹത്യയിൽ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബി ഗോപാലകൃഷ്ണൻ മറുപടി നൽകി.

ബിജെപിക്ക് നേതൃത്വമില്ലെന്ന് പറയുന്ന മുരളീധരൻ സ്വന്തം പാർട്ടിയിലെ നേതൃത്വം നന്നാക്കാൻ നോക്കണം. സ്വന്തം കുടുംബത്തിലെ പ്രശ്നം പോലും പരിഹരിക്കാൻ പറ്റാത്ത ആളാണ് മുരളീധരൻ. കോൺഗ്രസ്‌ നേതൃത്വം തകർന്നെന്ന് തിരുവനന്തപുരം എം പി പോലും പറയുന്നുണ്ടെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണൻ. കോഴിക്കോട് കോര്‍പ്പറേഷനിലെ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നാല് സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചു.

സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരിൽ നിന്ന് വലിയ രീതിൽ മാനസിക സമ്മർദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കൾ പോലും തന്നിൽ നിന്ന് അകന്നുവെന്നും ആനന്ദ് തമ്പി പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആർഎസ്എസുകാരനായി ജീവിച്ചു എന്നതാണെന്ന് ആനന്ദ് തമ്പി കുറിപ്പിൽ പറയുന്നു.

മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

ആനന്ദ് തിരുമലയുടെ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും.

ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാർ, നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326168/rss-activist-anand-b-thampi-commits-suicide-bjp-leader-b-gopalakrishnan)