---
title: "രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ചയിൽ ദക്ഷിണാഫ്രിക്ക; നാല് വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജ"
english_title: "Ravindra Jadeja, India, South Africa, Cricket"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326121/ravindra-jadeja-india-south-africa-cricket"
published_at: "2025-11-15T21:52:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918a971a4925_SPORTS.jpg"
keywords: []
---

# രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ചയിൽ ദക്ഷിണാഫ്രിക്ക; നാല് വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജ

> **Lead Summary:** **ഇ**ന്ത്യക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക കിതയ്ക്കുന്നു. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ഇന്നിംഗ്‌സില്‍ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം വെളിച്ചകുറവിനെ തുടര്‍ന്ന് നേരത്തെ കളി അവസാനിക്കുമ്പോള്‍ ഏഴിന് 93 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

## Article Content

**ഇ**ന്ത്യക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക കിതയ്ക്കുന്നു. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ഇന്നിംഗ്‌സില്‍ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം വെളിച്ചകുറവിനെ തുടര്‍ന്ന് നേരത്തെ കളി അവസാനിക്കുമ്പോള്‍ ഏഴിന് 93 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

തെംബ ബാവൂമ, കോര്‍ബിന്‍ ബോഷ് എന്നിവരാണ് ക്രീസിൽ നിൽക്കുന്നത്. സന്ദര്‍ശകര്‍ക്ക് 63 റണ്‍സ് ലീഡാണുള്ളത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 159 റണ്‍സിനെതിരെ ഇന്ത്യ 189 റൺസ് നേടി എല്ലാവരും പുറത്താവുകയായിരുന്നു. 39 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ഗില്‍ പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സിമോണ്‍ ഹാര്‍മര്‍ നാലും മാര്‍കോ ജാന്‍സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. നേരത്തെ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്‌സില്‍ തകർത്തത്.

ഇന്ന് റ്യാന്‍ റിക്കിള്‍ട്ടണിന്റെ (11) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ എയ്ഡന്‍ മാര്‍ക്രമിനെ ജഡേജ ധ്രുവ് ജുറലിന്റെ കൈകളിലെത്തിച്ചു. 17-ാം ഓവറില്‍ വിയാള്‍ മള്‍ഡര്‍ (11), ടോണി ഡി സോര്‍സി (2) എന്നിവരെ കൂടി ജഡേജ പുറത്താക്കി. പിന്നീട് ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ കൂടി (5) ബൗള്‍ഡാക്കി വിക്കറ്റ് നേട്ടം ജഡേജ നാലാക്കി ഉയര്‍ത്തി.

കെയ്ല്‍ വെറെയ്‌നെ (9) അക്‌സറിന്റെ പന്തില്‍ ബൗള്‍ഡായതോടെ ആറിന് 75 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. മാര്‍കോ യാന്‍സണെ (13) കുല്‍ദീപ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഏഴിന് 91 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. പിന്നാലെ വെളിച്ച കുറവിനെ തുടര്‍ന്ന് മത്സരം നിര്‍ ത്തിവെക്കുകയായിരുന്നു. ഒന്നിന് 37 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്നലെ യശസ്വി ജയ്സ്വാളിന്റെ (12) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു.

മാര്‍ക്കോ യാന്‍സന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ ബൗള്‍ഡാക്കുകയായിരുന്നു. ഇന്ന് വാഷിംഗ്ടണ്‍ സുന്ദറാണ് (29) ആദ്യം മടങ്ങുന്നത്. സിമോണ്‍ ഹാര്‍മറിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. രാഹുലിനൊപ്പം 57 റണ്‍സ് ചേര്‍ക്കാന്‍ സുന്ദറിന് സാധിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍ ഫോറടിച്ച് തുടങ്ങിയെങ്കിലും പേശീ വലിവിനെ തുടര്‍ന്ന് ക്രീസ് വിട്ടു. പിന്നാലെ റിഷഭ് പന്ത് (27) വേഗത്തില്‍ റണ്‍സ് കണ്ടെത്തി. എന്നാല്‍ മറുവശത്ത് രാഹുലിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. 119 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും നാല് ഫോറും നേടിയിരുന്നു.

വൈകാതെ പന്തും മടങ്ങി. ഏകദിന ശൈലിയില്‍ കളിച്ച പന്ത് 24 പന്തുകളില്‍ രണ്ട് വീതം സിക്സും ഫോറും നേടി. കോര്‍ബിന്‍ ബോഷിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ജഡേജ - ജുറല്‍ സഖ്യം ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. എന്നാല്‍ രണ്ടാം സെഷനിന്റെ തുടക്കത്തില്‍ തന്നെ ജുറലിന്റെ (14) വിക്കറ്റ് നഷ്ടമായി. ഹാര്‍മര്‍ക്ക് റിട്ടേണ്‍ ക്യാച്ച്. തൊട്ടുപിന്നാലെ ജഡേജ ഹാര്‍മറിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കുല്‍ദീപിനും (1), മുഹമമ്മദ് സിറാജിനും (1) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. അക്സറിനെ ആവട്ടെ, ഹാര്‍മര്‍ യാന്‍സണിന്റെ കൈകളിലേക്കയച്ചു. ഗില്‍ പിന്നീട് ബാറ്റിംഗിന് വരാതിരിക്കുകയും ചെയ്തതോടെ ഇന്ത്യ കൂടാരം കയറി. ജസ്പ്രിത് ബുമ്ര (1) പുറത്താവാതെ നിന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326121/ravindra-jadeja-india-south-africa-cricket)