---
title: "ഇന്ന് വെറൈറ്റി ആവാം; 'സ്പൈസി കോളിഫ്ലവർ എഗ്ഗ്  റൈസ്', അഞ്ച്‌  മിനിറ്റിൽ തയ്യാറാക്കാം"
english_title: "'Spicy Cauliflower Egg Rice, Biryani Chor, Easy Recipe  Healthy Meal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325890/spicy-cauliflower-egg-rice-biryani-chor-easy-recipe-healthy-meal"
published_at: "2025-11-14T13:03:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916e66324cd2_WhatsApp_Image_2025-11-14_at_1.49.33_PM.jpeg"
keywords: []
---

# ഇന്ന് വെറൈറ്റി ആവാം; 'സ്പൈസി കോളിഫ്ലവർ എഗ്ഗ്  റൈസ്', അഞ്ച്‌  മിനിറ്റിൽ തയ്യാറാക്കാം

> **Lead Summary:** **[** നമ്മുടെ തീൻമേശകളെ സമ്പന്നമാക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് സ്പൈസി കോളിഫ്ലവർ എഗ്ഗ് റൈസ്. ബിരിയാണിയുടെ രുചിയും മണവും, മുട്ടയുടെയും കോളിഫ്ലവറിൻ്റെയും പോഷക സമൃദ്ധിയും ചേർന്ന ഒരു വിഭവമാണിത്. അഞ്ച്‌ മിനിറ്റിൽ ഒരുക്കാവുന്ന ഈ വിഭവം അത്താഴത്തിനോ, ലഞ്ചിനോ അല്ലെങ്കിൽ ഒരു പ്രത്യേക അവസരത്തിലെ സ്റ്റാർ വിഭവമായോ ഇതിനെ മാറ്റിയെടുക്കാം. എന്നാൽ നമുക്ക് തുടങ്ങിയല്ലോ.....

## Article Content

**[** നമ്മുടെ തീൻമേശകളെ സമ്പന്നമാക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് സ്പൈസി കോളിഫ്ലവർ എഗ്ഗ് റൈസ്. ബിരിയാണിയുടെ രുചിയും മണവും, മുട്ടയുടെയും കോളിഫ്ലവറിൻ്റെയും പോഷക സമൃദ്ധിയും ചേർന്ന ഒരു വിഭവമാണിത്. അഞ്ച്‌ മിനിറ്റിൽ ഒരുക്കാവുന്ന ഈ വിഭവം അത്താഴത്തിനോ, ലഞ്ചിനോ അല്ലെങ്കിൽ ഒരു പ്രത്യേക അവസരത്തിലെ സ്റ്റാർ വിഭവമായോ ഇതിനെ മാറ്റിയെടുക്കാം. എന്നാൽ നമുക്ക് തുടങ്ങിയല്ലോ.....

ചേരുവകൾ

ബിരിയാണി റൈസ്

കോളിഫ്ലവർ

മുട്ട

വെളിച്ചെണ്ണ

കടുക്

ഉഴുന്ന് പരിപ്പ്

സവാള

വെളുത്തുള്ളി

കറിവേപ്പില

കാശ്മീരി മുളകുപൊടി

മല്ലിപ്പൊടി

ഗരം മസാല

കുരുമുളകുപൊടി

പെരുംജീരകം പൊടിച്ചത്

ഉപ്പ്

മല്ലിയില

തയാറാകുന്ന വിധം

ചീനച്ചട്ടി ചൂടാക്കുക. അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ നന്നായി ചൂടാകുമ്പോൾ കടുകും ഉഴുന്നും ചേർത്ത് പൊട്ടിക്കുക. ഉഴുന്ന് നേരിയ ബ്രൗൺ നിറമാകുമ്പോൾ, ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

അതിലേക്ക് കഷണങ്ങളാക്കിയ കോളിഫ്ലവർ ചേർത്ത് മൂന്ന് മുതൽ നാല് മിനിറ്റ് വരെ വഴറ്റുക. കോളിഫ്ലവറിന്റെ പച്ചമണം മാറി ഒരൽപം മൃദുവായി വരുന്നത് വരെ വഴറ്റണം. വഴറ്റിയ കോളിഫ്ലവർ കൂട്ടിലേക്ക് കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവയും അല്പം പെരുംജീരകം പൊടിച്ചത്തും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. മസാലയുടെ പച്ചമണം മാറുന്നത് വരെ ഏകദേശം രണ്ട് മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക.

ചീനച്ചട്ടിയുടെ ഒരു ഭാഗത്തേക്ക് കോളിഫ്ലവർ വയറ്റിയത് മാറ്റിവെക്കുക. അതെ ചീനച്ചട്ടിയിൽ ഒഴിഞ്ഞ ഭാഗത്ത് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ, 3 മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർക്കുക.മുട്ട പകുതി വേവാകുമ്പോൾ ചെറുതായി ചിക്കി പൊരിക്കുക.

ഇതിലേക്ക് അൽപം മല്ലിയില ചേർത്ത് ഇളക്കി. കോളിഫ്ലവർ-മസാല കൂട്ടിലേക്ക് യോജിപ്പിക്കുക. വേവിച്ചു വെച്ച ബിരിയാണി റൈസ് ചേർത്ത് ഉടഞ്ഞുപോകാതെ പതുക്കെ രണ്ട് തവികൾ ഉപയോഗിച്ച് മസാല എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതോടെ നമ്മുടെ രുചികരായ കോളിഫ്ലവർ എഗ്ഗ് റൈസ് തയ്യാർ!

ആരേയും മയക്കുന്ന നറുമണത്തോടെയും കൊതിപ്പിക്കുന്ന രുചിയുമായി കോളിഫ്ലവർ എഗ്ഗ് റൈസ് തീൻമേശയിൽ മാറുമെന്നത് ഉറപ്പാണ്. ഈ രുചികരമായ സ്പൈസി കോളിഫ്ലവർ എഗ്ഗ് റൈസ്, അച്ചാറോ തൈര് സാലഡോ ചേർത്ത് ചൂടോടെ കഴിക്കാവുന്നതാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325890/spicy-cauliflower-egg-rice-biryani-chor-easy-recipe-healthy-meal)