---
title: "ബിഹാരിൽ ആര് വാഴും.....? 'സംരക്ഷകനായ കടുവ ജീവനോടെ തന്നെയുണ്ട്'; നിതീഷിനെ വാഴ്ത്തി ജെഡിയു ബാനർ, ബിഹാറിൽ വിജയം ഉറപ്പെന്ന് തേജസ്വി"
english_title: "Tejashwi says Nitish will be given JDU banner, victory in Bihar is certain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325844/tejashwi-says-nitish-will-be-given-jdu-banner-victory-in-bihar-is-certain-new"
published_at: "2025-11-14T09:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916b17632642_bjp.jpg"
keywords: []
---

# ബിഹാരിൽ ആര് വാഴും.....? 'സംരക്ഷകനായ കടുവ ജീവനോടെ തന്നെയുണ്ട്'; നിതീഷിനെ വാഴ്ത്തി ജെഡിയു ബാനർ, ബിഹാറിൽ വിജയം ഉറപ്പെന്ന് തേജസ്വി

> **Lead Summary:** ദില്ലി: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ശുഭപ്രതീക്ഷ പങ്കുവെച്ച് മുന്നണികൾ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ഫലസൂചനകൾ എൻ.ഡി.എയ്ക്ക് അനുകൂലമാണ്.

## Article Content

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ശുഭപ്രതീക്ഷ പങ്കുവെച്ച് മുന്നണികൾ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ഫലസൂചനകൾ എൻ.ഡി.എയ്ക്ക് അനുകൂലമാണ്.

നിതീഷിനെ കടുവയെന്ന് വിശേഷിപ്പിച്ച് ജെഡിയു ബാനർ ഉയർന്നു. ദളിതരുടെയും പിന്നാക്കക്കാരുടെയും അതിദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകനായ കടുവ ജീവനോടെ തന്നെയുണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. ജെഡിയു പട്ന ഓഫീസിലാണ് ബാനർ ഉയർന്നത്. 2025-2030 വരെ നിതീഷ് തുടരുമെന്നും ബാനറിൽ പറയുന്നു.

വിജയം ഉറപ്പെന്ന് പ്രതികരിച്ച് തേജസ്വി യാദവ് രംഗത്തെത്തി. ഇത്തവണ ബിഹാറിൽ മാറ്റമുണ്ടാകുമെന്നും തേജസ്വി യാദവ് പട്നയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് ബിജെപി. ജനാധിപത്യത്തെ തേജസ്വിയും രാഹുലും ഇനി വെല്ലുവിളിക്കില്ല. പ്രതിപക്ഷ സ്ഥാനത്ത് തുടരുന്നതിനായി ആശംസകൾ നേരുന്നുവെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.

12 മണിയോടെ ബിജെപിയുടെ ദില്ലി പറ്റ്ന ആസ്ഥാനങ്ങൾ ആഘോഷതിമർപ്പിലാകുമെന്നും ബിജെപി വക്താവ് ജയ്‌വീർ ഷെർഗിൽ പറഞ്ഞു. എക്സിറ്റ് പോളിൽ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഞങ്ങൾക്ക് ലഭിക്കുമെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നും ബിഹാർ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325844/tejashwi-says-nitish-will-be-given-jdu-banner-victory-in-bihar-is-certain-new)