---
title: " Delhi RedFort Blast: ചെങ്കോട്ട സ്ഫോടനം: 'ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ'; പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ"
english_title: "Delhi RedFort Blast, accused shared confidential information through a Swiss application."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325805/delhi-redfort-blast-accused-shared-confidential-information-through-a-swiss-application"
published_at: "2025-11-13T20:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915f1abade8a_blast.jpg"
keywords: []
---

#  Delhi RedFort Blast: ചെങ്കോട്ട സ്ഫോടനം: 'ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ'; പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ

> **Lead Summary:** **Delhi RedFort Blast : ദില്ലി**: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ 'ത്രീമയാണ്' ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

## Article Content

**Delhi RedFort Blast : ദില്ലി**: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ 'ത്രീമയാണ്' ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നത്. സ്ഫോടനത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകും, കുറ്റവാളികൾക്കുള്ള ശിക്ഷ കൃത്യമായ സന്ദേശം നൽകും. ഇനി ആരും ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ചിന്തിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ 10 പേർ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവരില്‍ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍.

ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നു എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

എന്നാല്‍ ജെയ്ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ജെയ്ഷേ തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325805/delhi-redfort-blast-accused-shared-confidential-information-through-a-swiss-application)