---
title: "'തലവേദനയോ തലകറക്കമോ?' ബിപിക്ക് പിന്നിൽ തണുപ്പിന്റെ കളി "
english_title: "High blood pressure, cold weather health problems"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325773/high-blood-pressure-cold-weather-health-problems"
published_at: "2025-11-13T15:51:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915b2ec7ec7a_PREASURE.jpg"
keywords: []
---

# 'തലവേദനയോ തലകറക്കമോ?' ബിപിക്ക് പിന്നിൽ തണുപ്പിന്റെ കളി 

> **Lead Summary:** **[ **തണുപ്പുകാലം ആരംഭിച്ചതോടെ ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്. കാലാവസ്ഥ തണുക്കുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നതിനാൽ രക്തപ്രവാഹത്തിന് പ്രതിരോധം കൂടുകയും അതുവഴി രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്നു.

## Article Content

**[ **തണുപ്പുകാലം ആരംഭിച്ചതോടെ ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്. കാലാവസ്ഥ തണുക്കുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നതിനാൽ രക്തപ്രവാഹത്തിന് പ്രതിരോധം കൂടുകയും അതുവഴി രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്നു.

അതേസമയം തണുപ്പുകാലങ്ങളിൽ ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് മൂലം വിയർപ്പും സോൾട്ട് റിട്ടൻഷനും കുറയുന്നതും രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നു. താപനില വളരെ കുറയുമ്പോൾ ഹൃദയം കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടി വരും.

ഇതോടെ ഹൃദയമിടിപ്പിന്റെ നിരക്ക് കൂടുകയും രക്തക്കുഴലുകൾ ചുരുങ്ങുകയും ചെയ്യും. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും രക്തം കട്ടപിടിക്കാനും ഹൃദയാഘാതത്തിന് സാധ്യത വർധിപ്പിക്കാനും ഇടയാക്കും. പ്രായമായവരും ഹൈപ്പർ ടെൻഷൻ ഉള്ളവരും തണുപ്പ് കാലാവസ്ഥയിൽ പ്രത്യേക ജാഗ്രത പാലിക്കണം.

വിട്ടുമാറാത്ത തലവേദന, തലകറക്കം, കാൽപ്പാദങ്ങളിലോ കൈകളിലോ തരിച്ചുമരവിപ്പുമുള്ളത്, ശ്വാസതടസം, കടുത്ത ക്ഷീണം, പെട്ടെന്ന് ഉണ്ടാകുന്ന നെഞ്ചുവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുമ്പോഴുള്ള പ്രധാന ലക്ഷങ്ങൾ. നെഞ്ചുവേദന കൈ, കഴുത്ത്, തൊണ്ട തുടങ്ങിയ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുവെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

**ഉയർന്ന രക്ത സമ്മർദ്ദം** **എങ്ങനെ നിയന്ത്രിക്കാം? **

*തണുപ്പ് കൂടുതലുള്ള കാലത്ത് രാവിലെ അതീവ നേരത്തെയും വൈകിട്ട് ഏറെ വൈകിയും നടക്കുന്നത് ഒഴിവാക്കുക. വീടിനുള്ളിൽ തന്നെ ലളിതമായ വ്യായാമങ്ങൾ, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവ ചെയ്യാം.*

*ഉപ്പിന്റെ അളവ് കുറച്ച് , പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ഭക്ഷണശൈലി പിന്തുടരുക. ചൂട് നിലനിർത്താൻ കട്ടിയുള്ള വസ്ത്രം ധരിക്കുക. പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ അമിത ഉപ്പിനെ പുറത്താക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.*

*ധ്യാനം, യോഗ, ശ്വാസനിയന്ത്രണ രീതികൾ എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാം. പതിവായി രക്തസമ്മർദ്ദം പരിശോധിക്കുകയും ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുകയും വേണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കൃത്യസമയത്ത് കഴിക്കുക. പുകവലിയും മദ്യപാനവും ഒഴിവാക്കുക.*

*തണുപ്പുകാലത്ത് ആരോഗ്യകരമായ ജീവിതശൈലി പാലിക്കുന്നതും സമ്മർദ്ദം നിയന്ത്രിക്കുന്നതും വഴി ഹൃദയാരോഗ്യം സംരക്ഷിച്ച് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ ഒഴിവാക്കാൻ സാധിക്കും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325773/high-blood-pressure-cold-weather-health-problems)