---
title: "Delhi RedFort Blast: ഡല്‍ഹി സ്‌ഫോടനം: പരിഭ്രാന്തനായി, അതൊരു പിഴവായിരുന്നോ...?നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം"
english_title: "delhi red fort blast accidental explosion theory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325698/delhi-red-fort-blast-accidental-explosion-theory"
published_at: "2025-11-13T10:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915661df380e_Delhi_RedFort_Blast_.jpg"
keywords: []
---

# Delhi RedFort Blast: ഡല്‍ഹി സ്‌ഫോടനം: പരിഭ്രാന്തനായി, അതൊരു പിഴവായിരുന്നോ...?നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം

> **Lead Summary:** **Delhi RedFort Blast: ഡല്‍ഹി ( **[www.truevisionnews.com]** )** ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം സംബന്ധിച്ചുള്ള അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുന്നു. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമര്‍ പരിഭ്രാന്തനായി സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ പിഴവ് സംഭവിച്ചിരിക്കാമെന്ന് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

## Article Content

**Delhi RedFort Blast: ഡല്‍ഹി ( **[www.truevisionnews.com]** )** ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം സംബന്ധിച്ചുള്ള അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുന്നു. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമര്‍ പരിഭ്രാന്തനായി സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ പിഴവ് സംഭവിച്ചിരിക്കാമെന്ന് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാജ്യത്തുടനീളം ഭീകരവാദ സംശയിക്കുന്നവര്‍ക്കെതിരെ നടന്ന റെയ്ഡുകളും ഹരിയാണയിലെ ഫരീദാബാദില്‍ നിന്ന് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 2,900 കിലോഗ്രാം രാസവസ്തുക്കള്‍ കണ്ടെടുത്തതും സംശയിക്കുന്നവരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സ്ഥലം മാറാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരിക്കാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

ഇതൊരു ചാവേറാക്രമണം എന്ന സംശയത്തില്‍ നിന്ന്, സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടമാണ് എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംശയിക്കുന്നയാള്‍ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ശരിയായി ഘടിപ്പിച്ചിരുന്നില്ലെന്ന് പ്രാഥമിക വിലയിരുത്തലിനുശേഷം ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഇതുമൂലം ഐഇഡിക്ക് പരിമിതമായ പ്രഹരശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവര്‍ പറഞ്ഞു.

ഹ്യുണ്ടായ് ഐ20 കാറിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ചാന്ദ്നി ചൗക്കിലെ ചെങ്കോട്ടയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.

ഐഇഡിയുമായി വാഹനത്തിരക്കിലൂടെ സഞ്ചരിക്കുമ്പോള്‍ സ്‌ഫോടനം ആകസ്മികമായി സംഭവിച്ചതാണെന്നുള്ളതിന് കൂടുതല്‍ പ്രാഥമിക തെളിവുകളാണ് സ്‌ഫോടനമുണ്ടായ സ്ഥലത്ത് ഗര്‍ത്തങ്ങള്‍ രൂപപ്പെടാത്തതും സ്‌ഫോടനത്തിന്റെ ഭാഗമായി ചിതറിത്തെറിക്കുന്ന വസ്തുക്കള്‍ ഇല്ലാത്തത് എന്നുമാണ് കണ്ടെത്തല്‍.

പരിഭ്രാന്തരായതിനാല്‍ അവര്‍ക്ക് പരമാവധി നാശനഷ്ടമുണ്ടാക്കാന്‍ ഐഇഡി സജ്ജമാക്കാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌ഫോടനം നടക്കുമ്പോള്‍ i20 കാര്‍ കനത്ത ഗതാഗതക്കുരുക്കില്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നുവെന്നും, വാഹനം ചലിച്ചുകൊണ്ടിരുന്നത് ഐഇഡിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിരിക്കാമെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഈ നിഗമനം ആകസ്മിക സ്‌ഫോടനമെന്ന വാദത്തെ പിന്തുണയ്ക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ മറ്റൊരിടത്തേക്ക് മാറ്റാനോ ഉപേക്ഷിക്കാനോ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന സാധ്യത ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325698/delhi-red-fort-blast-accidental-explosion-theory)