---
title: "Delhi RedFort Blast: ഡൽഹി സ്ഫോടനം; നാല് നഗരങ്ങളിൽ ഒരേസമയം ആക്രമണത്തിന് പദ്ധതി, ആശയവിനിമയം സിഗ്നൽ ആപ്പ് വഴിയെന്ന് പൊലീസ്"
english_title: "Delhi blast, terror attack plan, Delhi Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325696/delhi-blast-terror-attack-plan-delhi-police"
published_at: "2025-11-13T10:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69156358eb31c_Delhi_blast,_terror_attack_plan,_Delhi_Police.jpg"
keywords: []
---

# Delhi RedFort Blast: ഡൽഹി സ്ഫോടനം; നാല് നഗരങ്ങളിൽ ഒരേസമയം ആക്രമണത്തിന് പദ്ധതി, ആശയവിനിമയം സിഗ്നൽ ആപ്പ് വഴിയെന്ന് പൊലീസ്

> **Lead Summary:** Delhi RedFort Blast: ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവർ രാജ്യം ലക്ഷ്യമിട്ട് വൻ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഒരേസമയം നാല് നഗരങ്ങളിൽ ആക്രമണം നടത്താനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

## Article Content

Delhi RedFort Blast: ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവർ രാജ്യം ലക്ഷ്യമിട്ട് വൻ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഒരേസമയം നാല് നഗരങ്ങളിൽ ആക്രമണം നടത്താനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

രണ്ട് പേരടങ്ങുന്ന നാല് സംഘങ്ങളായി തിരിഞ്ഞ് സ്ഫോടനം നടത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്നൽ ആപ്പ് വഴി ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയം നടത്തിയതായും പോലീസ് പറയുന്നു.

സമാനമായ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ഇവർ കൂടുതൽ വാഹനങ്ങൾ വാങ്ങിയിരുന്നോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുകയാണ്. നിലവിൽ കസ്റ്റഡിയിലെടുത്ത ഐ 20, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ട് വാഹനങ്ങൾ കൂടി ഇവർ വാങ്ങിയതായി പോലീസിന് സൂചന ലഭിച്ചു. ഈ വാഹനങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾ നടത്താൻ പദ്ധതി ഇട്ടിരുന്നതായാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

അതേസമയം, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രണ്ടാമത്തെ കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതെന്ന് സൂചന. അമോണിയം നൈട്രേറ്റ് കടത്താൻ ഈ കാർ ഉപയോഗിച്ചു എന്നാണ് സൂചന. ഇന്നലെ ഹരിയാനയിൽ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തിയത്.

അതേസമയം, സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓൾഡ് ദില്ലിയിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയിൽ ഉമർ സമയം ചിലവിട്ടു. 10 മിനിറ്റ് നേരം ഉമർ പള്ളിയിൽ ഉണ്ടായിരുന്നു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമർ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. ഉമർ എത്തിയ പള്ളിയിലെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു കഴിഞ്ഞു.

അതിനിടെ, സ്ഫോടനം നടന്നതിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷൻ തുറക്കില്ല. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സ്ഫോടനത്തിനുശേഷം മൂന്നു ദിവസത്തേക്ക് മെട്രോ സ്റ്റേഷൻ അടച്ചിടും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. കാൺപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ പിടിയിലായ പർവ്വേസിനെ ദില്ലിയിൽ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. കൂടാതെ, ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോർട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഭീകര നീക്കം എന്ന നിഗമനത്തിലെത്തിയത്.

ഇതിനിടെ, ദില്ലി സ്ഫോടന കേസിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി തെരച്ചിൽ ആരംഭിച്ചു. രണ്ടിലേറെ ഡോക്ടർമാർ കൂടി നെറ്റ്‍വർക്കിലുണ്ടെന്നാണ് നിഗമനം. ഭീകരർക്ക് കാർ വിറ്റത് ഒന്നരലക്ഷം രൂപയ്ക്കെന്ന് ഡീലർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. അതേസമയം, ഹരിയാനയിൽ അമ്പതിലധികം പേരെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം റിപ്പോർട്ട് പുറത്തുവന്നു.

ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഭീകരൻ ഉമറിന്റെ സുഹൃത്ത് താരിഖിന് വിൽപ്പന നടത്തിയ ഡീലറെ ഏഷ്യാനെറ്റ് ന്യൂസ് സംഘമാണ് കണ്ടെത്തിയത്. ഫരീദാബാദിലെ റോയൽ കാർ സോണിലാണ് വിൽപ്പന നടന്നത്. ഒന്നര ലക്ഷം രൂപയ്ക്കാണ് കാർ വിറ്റതെന്ന് ഡീലർ അമിത് പട്ടേൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് പറഞ്ഞു. കാർ വാങ്ങിയ താരിഖ് ഉൾപ്പെടെ രണ്ടു പേരാണ് വാഹനം വാങ്ങാൻ എത്തിയതെന്നും രണ്ടാമത്തെ ആളെ കുറിച്ച് അറിയില്ലെന്നും അമിത് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325696/delhi-blast-terror-attack-plan-delhi-police)