---
title: "ഇന്ന് അവധി; എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമെന്ന്  ആലപ്പുഴ ജില്ലകളക്ടർ"
english_title: "Alappuzha local holiday today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325540/alappuzha-local-holiday-today"
published_at: "2025-11-12T10:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691414bf529a4_WhatsApp_Image_2025-11-12_at_10.14.52_AM.jpeg"
keywords: []
---

# ഇന്ന് അവധി; എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമെന്ന്  ആലപ്പുഴ ജില്ലകളക്ടർ

> **Lead Summary:** ആലപ്പുഴ:**[ ** നാഗാരാധനയ്ക്ക് പേരുകേട്ട മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യം മഹോത്സവം ഇന്ന് നടക്കും. ഉത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി അനുവദിച്ചു.

## Article Content

ആലപ്പുഴ:**[ ** നാഗാരാധനയ്ക്ക് പേരുകേട്ട മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യം മഹോത്സവം ഇന്ന് നടക്കും. ഉത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി അനുവദിച്ചു.

ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. എന്നാൽ, മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. പരീക്ഷകൾക്ക് മാറ്റമില്ലാതെ നടക്കും.

ഉത്സവത്തോടനുബന്ധിച്ചുള്ള ആയില്യം പൂജയും എഴുന്നള്ളത്തും ഇന്ന് നടക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്കു ദർശനം നൽകും.

ഉച്ചപ്പൂജയ്ക്കു ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോടു ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ വലിയമ്മയുടെ നേതൃത്വത്തിൽ ആയില്യം പൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള ആയില്യം പൂജകൾ നടക്കും.

ആയില്യംപൂജകൾക്കു ശേഷം വലിയമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും പ്രധാനമാണ്. ഇതിനു ശേഷം വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആചാരപരമായ ക്ഷേത്ര ദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും. ഇത് നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള വിശേഷപ്പെട്ട ഉത്സവമാണ്. ഈ ചടങ്ങ് ഭക്തർക്ക് നാഗദൈവങ്ങളുടെ അനുഗ്രഹം നേടാനും സർപ്പദോഷങ്ങൾ നീക്കാനും സഹായിക്കുന്നു എന്നാണ് വിശ്വാസം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325540/alappuzha-local-holiday-today)