---
title: "Delhi Red Fort Blast: ദില്ലി സ്ഫോടനം: അന്വേഷണം അൽ ഫലാഹ് സർവ്വകലാശാലയിലേക്ക്; പുരോഹിതൻ കസ്റ്റഡിയിൽ"
english_title: "Delhi Red Fort blast, Al Falah University, cleric"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325532/delhi-red-fort-blast-al-falah-university-cleric"
published_at: "2025-11-12T09:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69140a316f7ae_Delhi_Red_Fort_blast,_Al_Falah_University,_cleric.jpg"
keywords: []
---

# Delhi Red Fort Blast: ദില്ലി സ്ഫോടനം: അന്വേഷണം അൽ ഫലാഹ് സർവ്വകലാശാലയിലേക്ക്; പുരോഹിതൻ കസ്റ്റഡിയിൽ

> **Lead Summary:** **Delhi Red Fort Blast: ദില്ലി: [** തലസ്ഥാന നഗരിയെ നടുക്കിയ ദില്ലി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവ്വകലാശാലയിൽ പോലീസ് പരിശോധനകൾ തുടരുന്നു. സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായി സർവ്വകലാശാലയിലെ പള്ളിയിലെ പുരോഹിതനെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**Delhi Red Fort Blast: ദില്ലി: [** തലസ്ഥാന നഗരിയെ നടുക്കിയ ദില്ലി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവ്വകലാശാലയിൽ പോലീസ് പരിശോധനകൾ തുടരുന്നു. സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായി സർവ്വകലാശാലയിലെ പള്ളിയിലെ പുരോഹിതനെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലായത് ശ്രീനഗർ സ്വദേശിയായ മുഹമ്മദ് ഇഷ്താഖ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. സർവ്വകലാശാലയിലെ എഴുപതോളം പേരെ ചോദ്യം ചെയ്യുകയും നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സ്ഫോടനത്തിനായി ഉപയോഗിച്ച രാസവസ്തുക്കളെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാവുകയാണ്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള മറ്റ് രാസവസ്തുക്കൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. സ്ഥലത്ത് കണ്ടെത്തിയ മറ്റ് പദാർത്ഥങ്ങൾ ഏതാണെന്ന് ഫോറൻസിക് പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ വ്യക്തമാകൂ.

സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കശ്മീരിലെ പുൽവാമ സ്വദേശി ഡോ ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചാവേറിന്റെ രീതിയിൽ ആയിരുന്നില്ല ആക്രമണം. റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. നിർമാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. കാർ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിരുന്നത് ചാവേറിന്റെ രീതിയ്ക്ക് വിരുദ്ധമാണെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325532/delhi-red-fort-blast-al-falah-university-cleric)