---
title: "വല്ല കാര്യോം ഉണ്ടായിരുന്നോ....?  ‘കൊതുകുകളെ വളർത്തി...'; വാഹന ആക്രിവ്യാപാരിക്ക് 6000 രൂപ പിഴയിട്ട് കോടതി"
english_title: "Court fines vehicle dealer Rs 6,000 for violating Public Health Act"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325530/court-fines-vehicle-dealer-rs-6000-for-violating-public-health-act"
published_at: "2025-11-12T08:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913fab6bb63b_court.jpg"
keywords: []
---

# വല്ല കാര്യോം ഉണ്ടായിരുന്നോ....?  ‘കൊതുകുകളെ വളർത്തി...'; വാഹന ആക്രിവ്യാപാരിക്ക് 6000 രൂപ പിഴയിട്ട് കോടതി

> **Lead Summary:** **മൂലമറ്റം ( ഇടുക്കി ) : **പൊതുജനാരോഗ്യനിയമം ലംഘിച്ച വാഹന ആക്രിവ്യാപാരിക്ക് കോടതി ആറായിരം രൂപ ശിക്ഷ വിധിച്ചു. അറക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പരാതിയിലാണ് കാഞ്ഞാറിലെ ഓട്ടോമൊബൈൽസ് ഓൾഡ് സ്പെയർപാർട്‌സിനെതിരായ കോടതിവിധി. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യവിധിയാണിത്.

## Article Content

**മൂലമറ്റം ( ഇടുക്കി ) : **പൊതുജനാരോഗ്യനിയമം ലംഘിച്ച വാഹന ആക്രിവ്യാപാരിക്ക് കോടതി ആറായിരം രൂപ ശിക്ഷ വിധിച്ചു. അറക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പരാതിയിലാണ് കാഞ്ഞാറിലെ ഓട്ടോമൊബൈൽസ് ഓൾഡ് സ്പെയർപാർട്‌സിനെതിരായ കോടതിവിധി. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യവിധിയാണിത്.

മഴവെള്ളം കെട്ടിനിന്ന് കൊതുക്‌ വളരുന്ന സാഹചര്യമുണ്ടാക്കി, പൊതുസ്ഥലത്ത്‌ മാലിന്യം കൂട്ടിയിട്ടു, തെരുവുനായ്ക്കളടക്കമുള്ളവ പെരുകുന്നതിന് സാഹചര്യമൊരുക്കി എന്നീ കുറ്റങ്ങളാരോപിച്ച് ഹെൽത്ത് ഇൻസ്പെക്ടർ പീറ്റർ കെ. എബ്രാഹം സ്ഥാപനയുടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എംവിഐപി വക തുറസ്സായ സ്ഥലത്താണ് സ്ഥാപനയുടമ വാഹനങ്ങൾ പൊളിച്ചിരുന്നത്.

ടയറുകളിലും വാഹനത്തിന്റെ മറ്റ് യന്ത്രഭാഗങ്ങളിലും കൊതുകുകൾ വളരുന്ന സാഹചര്യമുണ്ടായിരുന്നു. പാമ്പുകളും തെരുവുനായ്ക്കളും വാഹനങ്ങൾക്കടിയിൽ താവളമാക്കിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ഷെഡ് സ്ഥാപിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

രണ്ടുമാസത്തെ സമയം അനുവദിക്കണമെന്ന് സ്ഥാപനയുടമ ആവശ്യപ്പെട്ടെങ്കിലും ഷെഡ് ഉണ്ടാക്കിയില്ല. തുടർന്നാണ് സ്ഥാപനത്തിനെതിരേ പൊതുജനാരോഗ്യനിയമത്തിലെ 23(1), 45(2), 54(1) എന്നീ വകുപ്പുകളനുസരിച്ച്‌ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

കോടതിയിൽ സ്ഥാപനയുടമ കുറ്റം സമ്മതിച്ചു. തുടർന്നാണ് ജസ്റ്റിസ് പി.എസ്. സുമി പിഴ ചുമത്തിയത്. ഈവർഷം പൊതുജനാരോഗ്യനിയമമനുസരിച്ച് മൂന്നുപേർക്ക് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ചവരെല്ലാം പ്രശ്നം പരിഹരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325530/court-fines-vehicle-dealer-rs-6000-for-violating-public-health-act)