---
title: "Delhi RedFort Blast: 'പ്രതികളായവരെ വേട്ടയാടി പിടിക്കണം, അന്വേഷണ ഏജൻസികൾക്ക് പരിപൂർണ സ്വാതന്ത്ര്യം'; കർശന നിർദേശവുമായി അമിത് ഷാ"
english_title: "Amit Shah issues strict instructions, Delhi RedFort Blast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325492/amit-shah-issues-strict-instructions-delhi-redfort-blast"
published_at: "2025-11-11T19:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69134086eea8e_AMIT.jpg"
keywords: []
---

# Delhi RedFort Blast: 'പ്രതികളായവരെ വേട്ടയാടി പിടിക്കണം, അന്വേഷണ ഏജൻസികൾക്ക് പരിപൂർണ സ്വാതന്ത്ര്യം'; കർശന നിർദേശവുമായി അമിത് ഷാ

> **Lead Summary:** **Delhi RedFort Blast: ന്യൂഡൽഹി: **ഡൽഹി സ്‌ഫോടനത്തിൽ കേന്ദ്ര ഏജൻസികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷായുടെ കർശന നിർദ്ദേശം. പ്രതികളായവരെ വേട്ടയാടി പിടിക്കണമെന്ന് നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗങ്ങൾ വിളിച്ചുചേർത്തതായി അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

## Article Content

**Delhi RedFort Blast: ന്യൂഡൽഹി: **ഡൽഹി സ്‌ഫോടനത്തിൽ കേന്ദ്ര ഏജൻസികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷായുടെ കർശന നിർദ്ദേശം. പ്രതികളായവരെ വേട്ടയാടി പിടിക്കണമെന്ന് നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗങ്ങൾ വിളിച്ചുചേർത്തതായി അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

അന്വേഷണ ഏജൻസികൾക്ക് പരിപൂർണ സ്വാതന്ത്ര്യം. ഈ പ്രവൃത്തിയിൽ ഉൾപ്പെട്ട എല്ലാവരും ഞങ്ങളുടെ ഏജൻസികളുടെ പ്രത്യാഘാതം നേരിടേണ്ടി വരും എന്നും എക്‌സ് പോസ്റ്റിൽ പറഞ്ഞു.

അതേസമയം കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ഡൽഹി സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തിൽ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ എന്ന് തിരിച്ചറിയാനാണ് നടപടി.

ഡൽഹി ചെങ്കോട്ടയ്ക്കു സമീപം ഇന്നലെ പൊട്ടിത്തെറിച്ച ഐ20 കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഒക്ടോബർ 29ന് വൈകീട്ട് കാർ പുകപരിശോധനക്കു കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കാറിൽ മൂന്നുപേരാണുണ്ടായിരുന്നത്. ഇന്നലെ സ്ഫോടനത്തിനു തൊട്ടുമുൻപും കാറിൽ മൂന്നുപേരുണ്ടായിരുന്നെന്നാണ് സൂചന.

ഡൽഹി സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദ് ഈ കാർ വാങ്ങിയ ദിവസത്തെ ദൃശ്യങ്ങളാണിത്. ഒക്ടോബർ 29ന് വൈകീട്ട് 4.20ഓടെയാണ് മൂന്നുപേർ എച്ച്ആർ 26 സിഇ 7674 നമ്പറിലുള്ള കാറുമായി പുകപരിശോധന കേന്ദ്രത്തിലെത്തിയത്. ഷർട്ട് ധരിച്ച ഒരാളെയും ടീഷർട്ട് ധരിച്ച രണ്ടുപേരെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ഇവരിലൊരാൾ കാർ ഡോ. ഉമർ മുഹമ്മദിനു നൽകിയ താരിഖ് മാലിക് ആണെന്നാണു കരുതുന്നത്. പരിശോധനയ്ക്കു പിന്നാലെ മൂവരും കാറിൽ കയറി ഓടിച്ചുപോകുന്നുണ്ട്. 

കാർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.19ന് ചെങ്കോട്ടയ്ക്കു സമീപത്തെ ഒരു പാർക്കിങ് കേന്ദ്രത്തിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. ഇതിൽ കാറിന്റെ ഡോർ വിൻഡോയിൽ കൈ വച്ചിരിക്കുന്നയാളാണ് ചാവേർ സ്ഫോടനം നടത്തിയത് എന്നാണ് കരുതുന്നത്. മൂന്നു മണിക്കൂറിനു ശേഷം വൈകീട്ട് 6.30നാണ് ഈ കാർ പാർക്കിങ് ഏരിയയിൽ നിന്നു പുറത്തേക്കു പോകുന്നത്.

ഈ മൂന്നുമണിക്കൂറിനിടെ ഒരിക്കൽ പോലും ഇയാൾ കാറിൽനിന്നു പുറത്തിറങ്ങിയിട്ടില്ല. ആരെയെങ്കിലും കാത്തിരിക്കുകയായിരുന്നോ ഏതെങ്കിലും നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയായിരുന്നോ എന്നതിനെ കുറിച്ചും അന്വേഷിക്കുകയാണ്.

കാർ പാർക്കിങ് ഏരിയയിൽനിന്നു പുറത്തേക്കു പോയതിനു പിന്നാലെ 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.

മുഹമ്മദ് സൽമാൻ എന്നയാളാണ് കാറിന്റെ ആദ്യ ഉടമസ്ഥൻ എന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇയാൾ ദേവേന്ദർ എന്നയാൾക്ക് കാർ വിറ്റു. ദേവേന്ദർ പിന്നീട് കാർ ആമിർ റഷീദ് എന്നയാൾക്ക് വിറ്റു. ഇയാൾ മുഹമ്മദ് താരിഖ് എന്നയാൾ വഴി ഡോ. ഉമർ മുഹമ്മദിന് വിറ്റുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ആകെ ഏഴുതവണയായി കാർ കൈമറിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325492/amit-shah-issues-strict-instructions-delhi-redfort-blast)