---
title: "ബെംഗളൂരുവിൽ മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പം താമസിച്ച രണ്ട് യുവതികൾക്കെതിരെ കേസ്"
english_title: "Bengaluru death, death in flat, case, Malayali youth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325469/bengaluru-death-death-in-flat-case-malayali-youth"
published_at: "2025-11-11T16:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69131a39f0799_Bengaluru_death,_death_in_flat,_case,_Malayali_youth.jpg"
keywords: []
---

# ബെംഗളൂരുവിൽ മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പം താമസിച്ച രണ്ട് യുവതികൾക്കെതിരെ കേസ്

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സി.പി. വിഷ്ണു ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സി.പി. വിഷ്ണു ആണ് മരിച്ചത്.

ജോലിയുമായി ബന്ധപ്പെട്ട് വിഷ്ണു ഏറെക്കാലമായി ബെംഗളൂരുവിലായിരുന്നു താമസം. ബെംഗളൂരുവിലെ യെല്ലനഹള്ളിയിലെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനൊപ്പം അപ്പാർട്ട്‌മെന്റ് പങ്കിട്ട് താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നിവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ വെളിയാഴ്ച പുലർച്ചെ വിഷ്‌ണുവിനെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി യുവതികളിലൊരാൾ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ കുടുംബം ബംഗളുരുവിലേക്ക് പുറപ്പെട്ടു.

സംഭവത്തിൽ സംശയം തോന്നിയ സഹോദരൻ ജിഷ്‌ണു യുവതികൾക്കെതിരെ പൊലീസിൽ പരാതി നൽകി. യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ജീവനൊടുക്കിയതെന്ന സഹോദരന്‍റെ ആരോപണത്തെ തുടർന്ന് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

യുവതികളിലൊരാളുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നതായും പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും പറയുന്നു. ബംഗളൂരുവിൽ താമസിക്കുന്ന സൂര്യകുമാരിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ, ഇവിടെ നിന്നും ജോലിയ്ക്കായി ഡെറാഡൂണിലേക്ക് പോയ ജ്യോതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. മരിച്ച മൂവരും തിരുവനന്തപുരത്തുകാരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325469/bengaluru-death-death-in-flat-case-malayali-youth)