---
title: "Delhi Red Fort Blast: പടക്കം പൊട്ടിയതെന്ന് ആദ്യം കരുതി, പക്ഷെ കണ്ടത് ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ, പ്രദേശമാകെ പുകമൂടി കരിഞ്ഞ മണം; പ്രദേശവാസികളായ മലയാളി വിദ്യാർത്ഥികൾ"
english_title: "Delhi Red Fort Blast "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325414/delhi-red-fort-blast"
published_at: "2025-11-11T12:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912e0e62da67_chenkotta.jpg"
keywords: []
---

# Delhi Red Fort Blast: പടക്കം പൊട്ടിയതെന്ന് ആദ്യം കരുതി, പക്ഷെ കണ്ടത് ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ, പ്രദേശമാകെ പുകമൂടി കരിഞ്ഞ മണം; പ്രദേശവാസികളായ മലയാളി വിദ്യാർത്ഥികൾ

> **Lead Summary:** **Delhi Red Fort Blast: ന്യൂഡൽഹി: ** പടക്കം പൊട്ടിച്ചതാണെന്നാണ് ആദ്യം കരുതിയത്....ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ ഉണ്ടായത് ഉഗ്ര ശബ്ദത്തോടെയുള്ള സ്‌ഫോടനമെന്ന് പ്രദേശവാസികളായ മലയാളി വിദ്യാർത്ഥികൾ.

## Article Content

**Delhi Red Fort Blast: ന്യൂഡൽഹി: ** പടക്കം പൊട്ടിച്ചതാണെന്നാണ് ആദ്യം കരുതിയത്....ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ ഉണ്ടായത് ഉഗ്ര ശബ്ദത്തോടെയുള്ള സ്‌ഫോടനമെന്ന് പ്രദേശവാസികളായ മലയാളി വിദ്യാർത്ഥികൾ.

ആദ്യം പടക്കം പൊട്ടിയതിനെന്ന് കരുതിയെങ്കിലും പിന്നീടാണ് സംഭവത്തിൻ്റെ ഗൗരവം മനസിലായതെന്നും ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ മധ്യമങ്ങളോട് പറഞ്ഞു.

പ്രദേശത്ത് ദീപാവലി സമയത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നും അത് ദീപാവലിക്ക് ശേഷവും തുടരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അങ്ങനെ ആരെങ്കിലും പടക്കം പൊട്ടിച്ചതാണെന്നാണ് വിചാരിച്ചത്. പോയി നോക്കിയപ്പോഴാണ് തീപിടിച്ചതും ആളുകൾ പരിഭ്രാന്തരായി ഓടുന്നതും കണ്ടത്. പ്രദേശമാകെ പുകമൂടിയ അവസ്ഥയായിരുന്നു. കരിഞ്ഞ മണവുമുണ്ടായിരുന്നു . സംഭവം നടന്ന് ഒരു കിലോമീറ്റർ ദൂരം വരെ ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്നും യുവാക്കൾ വ്യക്തമാക്കി.

സ്‌ഫോടനത്തിന് പിന്നാലെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. റോഡിൽ ആരുടേതെന്ന് അറിയാത്ത കൈ കിടക്കുന്നത് കണ്ടുവെന്നാണും ഭയന്നുപോയെന്നുമായിരുന്നു സംഭവസമയം പ്രദേശത്തുണ്ടായിരുന്നവർ പറഞ്ഞത്.

ഇന്നലെ വൈകിട്ട് ചെങ്കോട്ടയ്ക്ക് സമീപം കാറിൽ നടന്ന സ്ഫോടനംത്തിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ മറ്റൊരു സ്ഫോടനം കൂടി നടന്നു. 6.55 ഫയർ അലാം ഓൺ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നാലെ ഏഴ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി. 7.10 ഓടെ ഫോറൻസിക് സംഘം സ്ഥലത്തെത്തി.

7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ ഒരാൾ കൂടി മരിച്ചു. മുപ്പതോളം പേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325414/delhi-red-fort-blast)