---
title: "Delhi Red Fort Blast: പുൽവാമ സ്വദേശി കാര്‍ വാങ്ങിയത് കഴിഞ്ഞ മാസം 29ന്; ദില്ലി സ്ഫോടനം, പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി അമേരിക്കയും ബ്രിട്ടണും"
english_title: "Delhi blast, Delhi Red Fort bomb blast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325368/delhi-blast-delhi-red-fort-bomb-blast"
published_at: "2025-11-11T08:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912a384af4c5_car.jpg"
keywords: []
---

# Delhi Red Fort Blast: പുൽവാമ സ്വദേശി കാര്‍ വാങ്ങിയത് കഴിഞ്ഞ മാസം 29ന്; ദില്ലി സ്ഫോടനം, പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി അമേരിക്കയും ബ്രിട്ടണും

> **Lead Summary:** **Delhi Red Fort Blast: ദില്ലി: ദി**ല്ലി ചെങ്കോട്ടയിൽ സ്ഫോടനത്തിന് ഉപയോഗിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാർ പുൽവാമ സ്വദേശിയായ യുവാവ് വാങ്ങിയത് കഴിഞ്ഞ മാസം 29നെന്ന് പൊലീസ്. ഇയാളുടെ പുൽവാമയിലെ വീട്ടിൽ പരിശോധന നടത്തുകയാണ് പൊലീസ്. ആസൂത്രിത ആക്രമണമെന്ന് മന്ത്രി ജിതിൻറാം മാഞ്ചി ആരോപിച്ചു.

## Article Content

**Delhi Red Fort Blast: ദില്ലി: ദി**ല്ലി ചെങ്കോട്ടയിൽ സ്ഫോടനത്തിന് ഉപയോഗിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാർ പുൽവാമ സ്വദേശിയായ യുവാവ് വാങ്ങിയത് കഴിഞ്ഞ മാസം 29നെന്ന് പൊലീസ്. ഇയാളുടെ പുൽവാമയിലെ വീട്ടിൽ പരിശോധന നടത്തുകയാണ് പൊലീസ്. ആസൂത്രിത ആക്രമണമെന്ന് മന്ത്രി ജിതിൻറാം മാഞ്ചി ആരോപിച്ചു.

കാര്‍ വിറ്റത് ദേവേന്ദ്ര എന്ന വ്യക്തിക്കാണെന്നാണ് ഹരിയാനയിലെ മുൻ കാറുടമ മൊഴി നൽകിയിരുന്നത്. പിന്നീട് കാര്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നുമാണ് മൊഴി. കാറിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നാണ് വിവരം. ഇയാളുടെ വീട്ടിലാണിപ്പോള്‍ പരിശോധന നടത്തുന്നത്. ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ക്ക് സ്ഫോടനത്തിൽ പങ്കുള്ളതായും സംശയമുണ്ട്.

ഇതിനിടെ, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി വെള്ള കർട്ടൻ കൊണ്ട് മൂടിയിട്ടുണ്ട്. സ്ഫോടനം കാരണം റോഡിൽ കുഴിയൊന്നും ഉണ്ടായില്ല.

മരിച്ചവരുടെ ശരീരത്തിൽ ചീളുകൾ കയറിയതായി കാണുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകി. അമേരിക്കയും ബ്രിട്ടണും ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്തുടനീളമുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്നാണ് എംബസികൾ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ, കൊല്ലപ്പെട്ട നാലുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു.

എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ മറ്റുള്ളവര്‍ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം.

യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിവരം. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.

ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കാറിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നാണ് വിവരം.

ഇന്നലെ വൈകിട്ട് 6.55 ഓടെയായിരുന്നു ദില്ലി ചെങ്കോട്ടയിൽ വൻ സ്ഫോടനമുണ്ടായത്. ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകളെല്ലാം പൊട്ടിത്തെറിയിൽ തകർന്നു.

ഒരു തീ ഗോളം ആകാശത്തേക്ക് ഉയർന്നെന്നും ഒരു കിലോമാറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനം ഉണ്ടായെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സാഹചര്യ തെളിവുകൾ ഭീകരാക്രമണത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325368/delhi-blast-delhi-red-fort-bomb-blast)