---
title: "Delhi Red Fort Blast: ചിതറിത്തെറിച്ച് ശരീരഭാഗങ്ങൾ, ചോരയിൽ കുതിർന്ന കൈപ്പത്തി കാൽച്ചുവട്ടിൽ വന്നു വീണു; ചെങ്കോട്ടയിൽ രക്തം തളംകെട്ടി, ഞെട്ടൽ വിട്ടുമാറാതെ ദൃക്‌സാക്ഷി "
english_title: "Delhi Red Fort Blast, DelhiBlast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325367/delhi-red-fort-blast-delhiblast"
published_at: "2025-11-11T08:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912a01849f82_redfort.jpg"
keywords: []
---

# Delhi Red Fort Blast: ചിതറിത്തെറിച്ച് ശരീരഭാഗങ്ങൾ, ചോരയിൽ കുതിർന്ന കൈപ്പത്തി കാൽച്ചുവട്ടിൽ വന്നു വീണു; ചെങ്കോട്ടയിൽ രക്തം തളംകെട്ടി, ഞെട്ടൽ വിട്ടുമാറാതെ ദൃക്‌സാക്ഷി 

> **Lead Summary:** **Delhi Red Fort Blast: **ന്യൂഡൽഹി: ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാൽ കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിലേക്ക് എത്തുന്ന റോഡിൽ രക്തം തളംകെട്ടി കിടക്കുന്നു. കുറച്ചപ്പുറത്ത് കാറിൽനിന്ന് ഊരിത്തെറിച്ച സ്റ്റിയറിങ് വീലിനു ചുറ്റും പൊലീസുകാരൻ ബന്തവസ്സൊരുക്കുന്നു.

## Article Content

**Delhi Red Fort Blast: **ന്യൂഡൽഹി: ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാൽ കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിലേക്ക് എത്തുന്ന റോഡിൽ രക്തം തളംകെട്ടി കിടക്കുന്നു. കുറച്ചപ്പുറത്ത് കാറിൽനിന്ന് ഊരിത്തെറിച്ച സ്റ്റിയറിങ് വീലിനു ചുറ്റും പൊലീസുകാരൻ ബന്തവസ്സൊരുക്കുന്നു.

മീഡിയനിലും റോഡിനു നടുവിൽ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന തൂണുകളിലും ഇലക്ട്രിക് കേബിളുകളിലും ചിതറിത്തെറിച്ച ശരീരഭാഗങ്ങളും വസ്ത്രാവശിഷ്ടങ്ങളും.

ഭയാനക ദൃശ്യങ്ങളായിരുന്നു ഇന്നലെ സ്ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും കണ്ടത്. മരിച്ചവരെയും പരുക്കേറ്റവരെയും കൊണ്ടുപോയ വഴിയാകെ ചോരയിൽ കുതിർന്നു കിടക്കുന്നു. ചോരയിൽ കുതിർന്ന ഒരു കൈപ്പത്തി കാൽച്ചുവട്ടിൽ വന്നു വീണതിന്റെ ഞെട്ടൽ വിട്ടുമാറാതെ നിൽക്കുകയാണ് അമിത് മുദ്ഗൽ. സ്ഫോടന ശബ്ദം കേട്ട് പേടിച്ചരണ്ട് റോഡിൽ കുനിഞ്ഞിരിക്കുമ്പോഴാണു കാൽച്ചുവട്ടിൽ എന്തോ പതിച്ചത്.

ഗതാഗതക്കുരുക്ക് പതിവായ സ്ഥലത്തായിരുന്നു സ്ഫോടനം. തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്കു കൂടുന്ന സമയം. റോ‍ഡിനപ്പുറം മാർക്കറ്റിലും പതിവു തിരക്ക്.

സ്ഫോടനം നടന്ന റോഡിനപ്പുറം ഓൾഡ് ലജ്പത് റായ് മാർക്കറ്റിനു മുന്നിൽ പാനിപുരി കട തുറന്നു കച്ചവടത്തിനുള്ള ഒരുക്കത്തിലായിരുന്നു ചന്ദൻ യാദവ്. ഉന്തുവണ്ടി തള്ളി മാർക്കറ്റിന്റെ മുന്നിലേക്കെത്തിയതും വൻ ശബ്ദം കേട്ട് ഞെട്ടി. നോക്കുമ്പോൾ റോഡിന് എതിർവശം തീയാണു കണ്ടത്. പിന്നാലെ മറ്റൊരു പൊട്ടിത്തെറി കൂടി കേട്ടു.

ആളുകൾ നാലുപാടും ചിതറിയോടി. ചന്ദനും ജീവനുംകൊണ്ടു പാഞ്ഞു. ‘വലിയ ശബ്ദത്തിനു പിന്നാലെ ആകാശം മുട്ടെ ഉയർന്ന തീനാളങ്ങളാണ് കണ്ടത്. പരിസരമാകെ പുക മൂടി.’– ചന്ദൻ പറഞ്ഞു. ഒരു തവണയാണു സ്ഫോടനശബ്ദം കേട്ടതെന്നു മറ്റു ചിലർ പറയുന്നു. ഏകദേശം ഒരു കിലോമീറ്റർ അകലെ ജുമാ മസ്ജിദിനു സമീപത്തും പ്രകമ്പനം അനുഭവപ്പെട്ടതായി ഉന്തുവണ്ടിയിൽ പലഹാരങ്ങൾ വിൽക്കുന്ന മനോജ് പറഞ്ഞു.

ദില്ലിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മലയാളിയായ പയ്യോളി സ്വദേശി അനീഷ്. അപകടം നടന്നപ്പോൾ ഉണ്ടായ ഉഗ്ര ശബ്ദം കേട്ട് താൻ ആകെ മരവിച്ച് പോയെന്നും അനീഷ് കൈരളി ന്യൂസിനോട് പ്രതികരിച്ചു. ‘ശബ്ദം കേട്ട് കുറച്ചു സമയത്തേക്ക് സ്തംഭിച്ചു പോയി.കുറച്ചു സമയത്തേക്ക് ഓടി രക്ഷപ്പെടാനുള്ള കഴിവ് പോലും നഷ്ടപ്പെട്ട്, ശരീരം മൊത്തം ഒരു മരവിപ്പിലായിരുന്നു’ – അനീഷ് പറയുന്നു.

വാഹനത്തിന്റെ പേപ്പർ ശെരിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് അനീഷ് ദില്ലിയിൽ എത്തിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം, ആദ്യം ചെയ്തത് വീട്ടുകാരെ വിളിച്ചു പറയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സ്ഫോടനം ഉണ്ടായ സമയത്ത് എന്താണ് സംഭവിച്ചത് എന്ന് പോലും ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. സ്ത്രീകളും കുട്ടികളും പ്രായമായവർ അടക്കമുള്ള നിരവധി ആളുകൾ ഒരേ സമയം വിവിധ മേഖലകളിലേക്ക് ചിതറി ഓടുകയാണ് ചെയ്തതെന്നും അദ്ദേഹം ഓർത്തെടുത്തു. വളരെവേഗം തന്നെ രക്ഷാപ്രവർത്തകർ എത്തി തീ അണക്കാൻ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325367/delhi-red-fort-blast-delhiblast)