---
title: "Delhi Red Fort Blast: 'ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'; ദില്ലി സ്ഫോടനത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി"
english_title: "Delhi blast, Chief Minister Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325353/delhi-blast-chief-minister-pinarayi-vijayan"
published_at: "2025-11-10T22:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691221f767cb6_pinarayi.jpg"
keywords: []
---

# Delhi Red Fort Blast: 'ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'; ദില്ലി സ്ഫോടനത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി

> **Lead Summary:** **Delhi Red Fort Blast: തിരുവനന്തപുരം: **ദില്ലിയിലെ റെഡ്ഫോർട്ടിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണ്.

## Article Content

**Delhi Red Fort Blast: തിരുവനന്തപുരം: **ദില്ലിയിലെ റെഡ്ഫോർട്ടിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ദില്ലിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന അത്തരം ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ഉഗ്ര സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം​ഗത്തെത്തി. 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാർ ബോംബ് സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ മോദി അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വിവരിച്ചു.

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനയും പ്രധാനമന്ത്രി പങ്കുവച്ചു. സ്ഫോടന ബാധിതർക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തിയെന്നും മോദി പറഞ്ഞു. ദില്ലി പൊലീസ് കമ്മിഷണർ സതീഷ് ഗോൾചയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം ദില്ലിയെ നടുക്കിയ കാർ ബോംബ് സ്ഫോടനം ഭീകരാക്രമണമെന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്. ഇക്കാര്യത്തിൽ വരും മണിക്കൂറുകളിൽ സ്ഥിരീകരണമുണ്ടാകും. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. സ്ഫോടനം നടന്നത് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ദില്ലി കമ്മീഷണർ പറഞ്ഞു. കാറിനുള്ളിൽ ഒന്നിലധികം പേ‍ർ ഉണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ദില്ലിയിൽ പൊട്ടിത്തെറിച്ചത് പുതിയ വാഹനമാണെന്നും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവന്നിട്ടുണ്ട്. എന്നാൽ പുതിയ വാഹനമാണെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325353/delhi-blast-chief-minister-pinarayi-vijayan)