---
title: "നിർണായകമായത് സിസിടിവി; ജമ്മു കശ്മീരിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി, ഡോക്ടർ അറസ്റ്റിൽ, വാടക വീട്ടിൽ 360 കിലോ അമോണിയം നൈട്രേറ്റ്"
english_title: "Hugeexplosives cache found Jammu and Kashmir doctor arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325299/hugeexplosives-cache-found-jammu-and-kashmir-doctor-arrested"
published_at: "2025-11-10T15:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911bea5c61ff_national.jpg"
keywords: []
---

# നിർണായകമായത് സിസിടിവി; ജമ്മു കശ്മീരിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി, ഡോക്ടർ അറസ്റ്റിൽ, വാടക വീട്ടിൽ 360 കിലോ അമോണിയം നൈട്രേറ്റ്

> **Lead Summary:** **ദില്ലി: **നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര നെറ്റ്‍വർക്ക് തകര്‍ത്ത് ജമ്മു കശ്മീർ, ഹരിയാന പൊലീസ് സേനകൾ. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തു. രാജ്യവ്യാപകമായി നടന്ന പരിശോധനയിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതെന്ന് ജമ്മുകശ്മീർ പൊലീസ് സ്ഥിരീകരിച്ചു.

## Article Content

**ദില്ലി: **നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര നെറ്റ്‍വർക്ക് തകര്‍ത്ത് ജമ്മു കശ്മീർ, ഹരിയാന പൊലീസ് സേനകൾ. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തു. രാജ്യവ്യാപകമായി നടന്ന പരിശോധനയിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതെന്ന് ജമ്മുകശ്മീർ പൊലീസ് സ്ഥിരീകരിച്ചു.

മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറിൽ നിന്ന് ഒരു കരോം കോക്ക് അസോൾട്ട് റൈഫിളും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു ഡോക്ടറായ ഡോ. ആദിൽ അഹമ്മദ് റാത്തറിനെ നേരത്തെ ആയുധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

സ്ഫോടക വസ്തുക്കളുടെ കൂട്ടത്തിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തു. ഒക്ടോബറിലാണ് ഭീകരവാദ സംഘടനകളെ അനുകൂലിച്ച് ശ്രീനഗറിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സിസിടിവികളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ അഹമ്മദാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അനന്തനാഗ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് ആദിൽ അഹമ്മദ്. പരിശോധനയിൽ അനന്ത്നാഗിലെ മുറിയിലെ ലോക്കറിൽനിന്ന് തോക്കുകൾ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫരീദാബാദിൽനിന്ന് തോക്കുകളും സ്ഫോടകവസ്തുക്കൾ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചത്തെ റെയ്ഡ് നടത്തിയത്. ഈ ശൃംഖലയുടെ ഭാഗമെന്ന് സംശയിക്കുന്ന മറ്റൊരു ഡോക്ടർക്കായി ഫരീദാബാദിലും പരിസരങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്. മുസാമിലുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന ഫരീദാബാദിലെ പള്ളിയിലെ മുഖ്യ പുരോഹിതനായ (ഇമാം) ഇഷ്തിയാഖിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325299/hugeexplosives-cache-found-jammu-and-kashmir-doctor-arrested)